Skip to main content

കോവിഡ് 19: ചേർപ്പ് ബ്ലോക്കിൽ ദ്രുത കർമ്മ സേന രൂപീകരിച്ചു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ദ്രുത കർമ്മ സേന രൂപീകരിച്ചു. അവിണിശ്ശേരി, ചേർപ്പ്, പാറളം, വല്ലച്ചിറ തുടങ്ങിയ പഞ്ചായത്തുകളിൽ നിലവിൽ നടത്തി വരുന്ന പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശകലനം ചെയ്തു.
ആഘോഷങ്ങൾ, ചടങ്ങുകൾ, സമ്മേളനങ്ങൾ എന്നിവയിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കുക, മറ്റു രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്ന ആളുകൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക, മാസ്‌ക്, ഹാന്റ് സാനിറ്റൈസർ എന്നിവയ്ക്ക് അമിത വില ഈടാക്കിയാൽ ലീഗൽ മെട്രോളജി വകുപ്പിന് പരാതി നൽകുക, കൊറോണ വൈറസ് ബാധയെക്കുറിച്ച് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക എന്നീ കാര്യങ്ങൾ നടപ്പാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും നിർദ്ദേശം പാലിച്ചുകൊണ്ട് കോവിഡ്- 19 വൈറസ് ബാധക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന് ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സരള പറഞ്ഞു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .ടി സണ്ണി അധ്യക്ഷത വഹിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീപ് ജോസഫ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എ.പ്രദീപ്, സുജിത സുനിൽ, ബി.ഡി.ഒ ലേഖ.ജി.എസ്. എന്നിവർ സംസാരിച്ചു. യോഗത്തിൽ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദാസൻ.എൻ.കെ (പാറളം), ആന്റോ എ.ജെ (ചേർപ്പ്), ഷാജി വി (അവിണിശ്ശേരി), സി.ആർ.രാധാകൃഷ്ണൻ (വല്ലച്ചിറ), വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 

date