Skip to main content

കോവിഡ് 19: ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ഐ സി യു

കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ഐ സി യു പ്രവർത്തനം ആരംഭിക്കും. ടി എൻ പ്രതാപൻ എം പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15,600,00 രൂപ വിനിയോഗിച്ചാണ് വെന്റിലേറ്റർ സ്ഥാപിക്കുക. കേരളത്തിലും കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് അടിയന്തിരമായി ഒരു പോർട്ടബിൾ വെന്റിലേറ്റർ വാങ്ങുന്നതിനു എം പി യുടെ ഫണ്ടിൽ നിന്നും 6.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ തൃശ്ശൂരിൽ വീണ്ടും അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പോർട്ടബിൾ വെന്റിലേറ്ററിനേക്കാൾ അത്യാവശ്യമായി വെന്റിലേറ്റർ ഐ സി യു അനുവദിക്കണം എന്ന മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് 10.5 ലക്ഷം രൂപ കൂടെ അനുവദിച്ചത്. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന കോവിഡ് 19 ഉന്നത തല യോഗത്തിലാണ് എം പി ഇക്കാര്യം അറിയിച്ചത്.
ഇതിനു പുറമെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വൈറോളജി ലാബ് തിങ്കളാഴ്ച (മാർച്ച് 16) മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും എം പി അറിയിച്ചു. ഇതോടെ തൃശൂർ, പാലക്കാട് മലപ്പുറം ജില്ലകളിലെ കോവിഡ് 19 ആയി ബന്ധപ്പെട്ട രക്ത പരിശോധനക്ക് കാല താമസം നേരിടില്ല. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ ഹർഷ വർദ്ധനുമായി നടത്തിയ ചർച്ചയിലാണ് എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ ലാബ് തുടങ്ങാനുള്ള അനുമതി ലഭിച്ചത്. കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കും, ജില്ലാ ആശുപത്രിയിലെ സുരക്ഷ ക്രമീകരണങ്ങൾക്കും എം പി ഫണ്ട് വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

date