എന്റെ പദ്ധതി: ജില്ലാ പഞ്ചായത്തിന്റെ മൊബൈല്‍ ആപ്പിന് മികച്ച പ്രതികരണം
ജില്ലാ പഞ്ചായത്തിന്റെ 2018-19ലേക്കുള്ള വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് നേരിട്ട് പദ്ധതി നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി തയ്യാറാക്കിയ 'എന്റെ പദ്ധതി' മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭിച്ചത് മികച്ച പ്രതികരണം. പ്രകാശനം ചെയ്ത് ഒരാഴ്ചയ്ക്കകം എണ്‍പതിലേറെ നിര്‍ദേശങ്ങളും ആശയങ്ങളുമാണ് മൊബൈല്‍ ആപ്പ് വഴി ലഭിച്ചത്. ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതി രൂപീകരണത്തിന്റെ വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്തില്‍ നേരിട്ടെത്തി പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചവരുമുണ്ട്.
സാധാരണ ജനങ്ങള്‍ നിത്യ ജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മുതല്‍ ജില്ലയുടെ ഭാവി വികസനം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതികള്‍ വരെ ജനങ്ങള്‍ നിര്‍ദേശങ്ങളായി സമര്‍പ്പിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. വയോജനങ്ങള്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവര്‍ പ്രാദേശികവും ജില്ലയെ മൊത്തം ബാധിക്കുന്നതുമായ വിഷയങ്ങളില്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
കാര്‍ഷിക-ക്ഷീരോല്‍പ്പാദന-ഭക്ഷ്യ രംഗങ്ങളില്‍ ജില്ലയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കല്‍, ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തല്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം, ഇംഗ്ലീഷില്‍ സംസാരനൈപുണ്യം നേടുന്നതിനുള്ള പദ്ധതികള്‍, വയോജനങ്ങള്‍ക്കുള്ള പകല്വീടുകളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍, മല്‍സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മികവുറ്റ പരിശീലന കേന്ദ്രങ്ങളൊരുക്കല്, ബസ് വെയിറ്റിംഗ് ഷെല്‍ട്ടറുകളിലെ പൊടിശല്യം കുറയ്ക്കല്‍, പേപ്പര്‍ബാഗ് നിര്‍മാണ യൂനിറ്റുകള്‍ സ്ഥാപിക്കല്‍, കരാര്‍ പ്രവൃത്തികളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍, കശുമാങ്ങ വ്യവസായം പ്രോല്‍സാഹിപ്പിക്കല്‍, കൃഷി വികസനത്തിനും സംരക്ഷണത്തിനും സാങ്കേതിക സേന രൂപീകരണം, എല്ലാ ഗ്രാമങ്ങളിലും കളിസ്ഥലങ്ങളുണ്ടാക്കല്, മാനസികാസ്വാസ്ഥ്യമുള്ളവരുടെ ചികില്‍സയും പുനരധിവാസവും, കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍, വീടുകള്‍ കേന്ദ്രീകരിച്ച് കോഴിവളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ വിഷമയമല്ലാത്ത കോഴിയിറച്ചി ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍, പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം തുടങ്ങി വൈവിധ്യമാര്‍ന്ന നിര്‍ദേശങ്ങളാണ് ആപ്പ് വഴി ലഭിച്ചത്. ഇതിനു പുറമെ ജലസംരക്ഷണം, മാലിന്യ സംസ്ക്കരണം, കാര്‍ഷിക വികസനം, പശ്ചാത്തല വികസനം, വിദ്യാഭ്യാസം, കായിക മേഖലയുടെ വികസനം, ശുചിത്വം, ഊര്‍ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വിദഗ്ധ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെ യാഥാര്‍ഥ്യമാവുന്നതോടെ ജില്ലയ്ക്ക് വിവിധ മേഖലകളിലുണ്ടാവുന്ന വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ജനങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ഓരോ ദിവസവും ലഭിക്കുന്ന നിര്‍ദേശങ്ങളുടെ വ്യാപ്തി കണക്കിലെടുത്ത് ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുന്നത് ഫെബ്രുവരി 15 വരെ നീട്ടിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. തദ്ദേശ സ്ഥാപനത്തിന്റെ പദ്ധതി രൂപീകരണത്തില്‍ ജനങ്ങളെ നേരിട്ട് പങ്കാളികളാക്കുന്നതിനുള്ള ആദ്യസംരംഭമെന്ന നിലയില്‍ മൊബൈല്‍ ആപ്പിന് ലഭിച്ച പ്രതികരണങ്ങള്‍ ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ സാധ്യമായവ ഈ വര്‍ഷം തന്നെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കൂടുതല്‍ തയ്യാറെടുപ്പുകള്‍ ആവശ്യമുള്ള അടുത്തവര്‍ഷങ്ങളിലേക്ക് മാറ്റിവയ്ക്കും. നിര്‍ദേശങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യമുള്ള കേസുകളില്‍ അവ സമര്‍പ്പിച്ചവരുമായി നേരിട്ട് ബന്ധപ്പെടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മൊബൈല്‍ പ്ലേസ്റ്റോറില്‍നിന്ന് 'എന്റെ പദ്ധതി' എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണ് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്.
- Log in to post comments