കൗതുകം പകര്‍ന്ന് കിഴങ്ങുത്സവം
വിസ്മൃതിയിലായ വിവിധ കിഴങ്ങുവര്‍ഗങ്ങളെ പരിചയപ്പെടുത്തി സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന കിഴങ്ങുത്സവം ശ്രദ്ധേയമായി. സിവില്‍ സ്റ്റേഷന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഹരിത കേരള മിഷന്റെയും കടമ്പൂര്‍ ജീവകാന്തത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.
നീണ്ട് വലുപ്പമേറിയ കിഴങ്ങുകളുണ്ടാകുന്ന മാറാന്‍ ചേമ്പ് ഉള്‍പ്പെടെയുള്ള നിരവധി ചേമ്പിനങ്ങള്‍, ഇസ്രയേല്‍, ആലപ്പി സുപ്രീം, സിലോണ്‍, പ്രഗതി തുടങ്ങി പത്തോളം മഞ്ഞള്‍ ഇനങ്ങള്‍, ഹിമാചല്‍ ഇഞ്ചി, ചുക്ക്മാരന്‍ തുടങ്ങിയ ഇഞ്ചിയിനങ്ങള്‍, കടുവ കൈയ്യന്‍, ആനക്കാലന്‍ തുടങ്ങിയ കാച്ചില്‍ ഇനങ്ങള്‍, ചേന, മരച്ചീനി തുടങ്ങിയവയുടെ വകഭേദങ്ങള്‍, മധുരക്കിഴങ്ങ്, പൂടക്കിഴങ്ങ്, നനകിഴങ്ങ്, ചെറുകിഴങ്ങ്, കൂര്‍ക്ക തുടങ്ങിയവും കിഴങ്ങുത്സവത്തില്‍ താരങ്ങളായി.
മേളയോടനുബന്ധിച്ച് നടന്ന പാചകമത്സരവും ഏറെ ശ്രദ്ധേയമായിരുന്നു. കൂട്ടുകിഴങ്ങ് പായസം, കാച്ചില്‍ പായസം, കാച്ചില്‍ കിഴി, കിഴങ്ങ് ഹല്‍വ, കൂവ- മധുരച്ചേമ്പ് ഹല്‍വ, കപ്പ അശോക, കൂര്‍ക്ക പക്കോട, മധുരക്കിഴങ്ങ് ബോളി ബജ്ജി, മരച്ചീനി പുഡ്ഡിങ്ങ്, ചേന കബാബ് തുടങ്ങി നിരവധി വിഭവങ്ങളാണ് അണിനിരന്നത്. പായസ മത്സരത്തില്‍ രജനി സുജിത്ത്, എം ടി സുജന, റിന്റ മനോഹരന്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മധുരപലഹാര മത്സരത്തില്‍ ഡോ. രേഷ്മ ദാമോധരന്‍ ഒന്നാം സ്ഥാനം നേടി. റംല മുഹമ്മദ്, ഷീബ സനീഷ് എന്നിവര്‍ രണ്ടാം സ്ഥാനവും സീനത്ത് റഷീദ്, പി സുജ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. എരിവുള്ള നാലുമണി പലഹാര മത്സരത്തില്‍ പി ഷഹനാസിനാണ് ഒന്നാം സ്ഥാനം. സൗധ അന്‍വര്‍, അഫ്‌സാന്‍ എന്നിവര്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. ലക്ഷ്മി ഗോവിന്ദ്, ഉമ സുനില്‍ എന്നിവര്‍ മൂന്നാം സ്ഥാനം നേടി.
തിരുവാതിരയ്ക്ക് തയ്യാറാക്കുന്ന എട്ടങ്ങാടി പുഴുക്കും, ചേന, ചേമ്പ്, കാച്ചില്‍, കൂര്‍ക്ക, മധുരക്കിഴങ്ങ്, കപ്പക്കിഴങ്ങ്, കൂവ, നനകിഴങ്ങ് തുടങ്ങിയ എട്ട് കിഴങ്ങുകളും നാടന്‍ പയറും ചേര്‍ത്തുള്ള പുഴുക്കും മേളയില്‍ ഒരുക്കിയിരുന്നു. പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്നങ്ങളുടെ മേളയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ പുസ്തകങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
ചടങ്ങില്‍ എഡിഎം ഇ പി മേഴ്‌സി അധ്യക്ഷയായി. ഹരിതകേരളം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ജീവകാന്തം കോ ഒാര്‍ഡിനേറ്റര്‍ എം എസ് ആനന്ദ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments