വിവാഹങ്ങളുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ചടങ്ങുകളിലൊതുക്കണം
കൂടുതലാളുകള്‍ പങ്കെടുക്കുന്ന ആഘോഷങ്ങള്‍ പരിമിതപ്പെടുത്തി ചടങ്ങുകളില്‍ മാത്രമൊതുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍ദേശിച്ചു. വിവാഹങ്ങള്‍ പോലും വീട്ടുകാര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകളാക്കണം. കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ഓഡിറ്റോറിയങ്ങള്‍ വിട്ടു നല്‍കാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ ഓഡിറ്റോറിയം നടത്തിപ്പുകാര്‍ക്ക് തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നോട്ടീസ് നല്‍കണമെന്ന് കോവിഡ് 19 ജില്ലാതല അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.
വിവാഹമുള്‍പ്പെടെ വീടുകളില്‍ നടക്കുന്ന ചടങ്ങുകള്‍ പന്തലുകള്‍ പോലും ഒഴിവാക്കി ലളിതമാക്കണം. മരണം, മതപരമായ ചടങ്ങുകള്‍, മറ്റു പൊതു പരിപാടികള്‍ എന്നിവക്കും കര്‍ശനമായ നിയന്ത്രണം ഉറപ്പാക്കണം. മത സംഘടനകളുടേയും ആരാധനാലയ പ്രതിനിധികളുടേയും പ്രത്യേക യോഗം വിളിച്ച് ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കണം.
ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി
കോവിഡ് 19 മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആവശ്യമെങ്കില്‍ പൊലിസ് നടപടി സ്വീകരിക്കണം. വീട്ടില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കാലാവധി കഴിയും മുമ്പ് പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജനപ്രതിനിധികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിന്റെ സഹായം തേടാം. നിരീക്ഷണത്തിലുള്ളവരെ അകറ്റി നിര്‍ത്താനല്ല ശ്രമിക്കുന്നത്. പൊതു സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ബാധ്യതയുണ്ട്.
പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കിയിട്ടും ഇക്കാര്യത്തില്‍ അനാസ്ഥയുണ്ടായാല്‍ രണ്ടു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസെടുക്കുകയെന്ന് ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം വ്യക്തമാക്കി. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരുടെ വിവരങ്ങള്‍ ലഭിച്ചാല്‍ ആദ്യം നോട്ടീസ് നല്‍കും. ആവര്‍ത്തിക്കുകയാണെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കും. മാസ്‌ക്, സാനിറ്റൈസറുകള്‍ എന്നിവ അമിത വില ഈടാക്കി വില്‍പന നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പോലീസില്‍ വിവരമറിയിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കണം.
ആരോഗ്യ ജാഗ്രത മുന്‍നിര്‍ത്തി പൊതു സമ്പര്‍ക്കമൊഴിവാക്കി
മന്ത്രിയുടെ മാതൃക
കോവിഡ് 19 മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കുമ്പോള്‍ ജില്ലയിലെ അവലോകന യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കി മന്ത്രി ഡോ. കെ.ടി. ജലീല്‍ മാതൃകയായി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുമായും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായും വരെ ബന്ധപ്പെടാവുന്ന രീതിയിലാണ് ജില്ലാ കലക്ടറുടെ ചേംബറില്‍ വീഡിയോ കോണ്‍ഫറന്‍സ് ഒരുക്കിയത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജില്ലാ ആശുപത്രികളിലും ആരോഗ്യ ബ്ലോക്കുകളിലും എത്തിയ ജനപ്രതിനിധികളുമായും ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുമായും മന്ത്രി സംസാരിച്ചു.
എം.എല്‍.എമാരും നഗരസഭ അധ്യക്ഷരും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷരും മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ജില്ലയിലെ മുന്‍കരുതല്‍ നടപടികള്‍ മന്ത്രിയെ ധരിപ്പിച്ചു. സര്‍ക്കാര്‍ തലത്തില്‍ അത്യാവശ്യമായി നടത്തേണ്ട യോഗങ്ങള്‍ പരമാവധി പരസ്പര സമ്പര്‍ക്കം ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
എം.എല്‍.എമാരായ പി.വി. അന്‍വര്‍, പി. ഉബൈദുള്ള, അഡ്വ. എം. ഉമ്മര്‍, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുള്‍ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം, അസിസ്റ്റന്റ് കലക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം. എന്‍.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, എന്‍.എച്ച്.എം. ജില്ലാ മാനേജര്‍ ഡോ. എ. ഷിബുലാല്‍, ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എ. രാജന്‍, ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍. പ്രസാദ്, നഗരസഭാ അധ്യക്ഷര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍നിന്നു യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments