പക്ഷിപ്പനി പ്രതിരോധം:പരപ്പനങ്ങാടിയില്‍ കോഴികളെയും വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കല്‍ തുടങ്ങി ആദ്യദിനത്തില്‍ 500 ലേറെ എണ്ണത്തെ നശിപ്പിച്ചു
പക്ഷിപ്പനി സ്ഥിരീകരിച്ച പരപ്പനങ്ങാടി പാലത്തിങ്ങലിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ കോഴികളെയും താറാവുകളെയും വളര്‍ത്ത് പക്ഷികളെയും കൊന്നൊടുക്കാന്‍ തുടങ്ങി. ആദ്യ ദിനത്തില്‍ പരപ്പനങ്ങാടി നഗരസഭയിലെ 15, 17, 18, 19 വാര്‍ഡുകളിലാണ് ഒന്‍പത് റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ കോഴികളെയും താറാവുകളെയും വളര്‍ത്ത് പക്ഷികളെയും കൊല്ലാനാരംഭിച്ചത്. ഇന്നലെ(മാര്‍ച്ച് 14) വിവിധ ഇനത്തില്‍പ്പെട്ട 500 ഓളം എണ്ണത്തെയാണ് കൊന്നത്. പരപ്പനങ്ങാടി ചിറമംഗലത്തെ 17 ഏക്കറിലുള്ള സര്‍ക്കാര്‍ തെങ്ങിന്‍ തൈ ഉല്‍പ്പാദന കേന്ദ്രത്തില്‍ ഡീസല്‍ ഒഴിച്ച് കത്തിച്ചാണ് അവയെ നശിപ്പിച്ചത്. കത്തിച്ചയിടം റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ സീല്‍ ചെയ്തു. തുടര്‍ന്ന് റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ മമ്പുറത്ത് യോഗം ചേര്‍ന്ന് നടപടികള്‍ അവലോകനം ചെയ്തു.
കോഴികളെയും താറാവുകളെയും കൂട്ടില്‍ നിന്ന് തുറന്നു വിടരുതെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം അറിയിക്കാന്‍ നഗരസഭ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ അതത് പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. റാപ്പിഡ് റെസ്‌പോണ്‍സ് വിഭാഗത്തിലെ അഞ്ച് പേരടങ്ങുന്ന ഒന്‍പത് സംഘങ്ങള്‍ കോഴികളെ കൊന്നുടുക്കുന്നതിനും ഒരു സംഘം ചത്ത പക്ഷികളെ സംസ്‌കരിക്കുന്നതിനുമാണ് നേതൃത്വം നല്‍കിയത്.
ചിറമംഗലത്തെ സര്‍ക്കാര്‍ തെങ്ങിന്‍ തൈ ഉല്‍പ്പാദന കേന്ദ്രത്തില്‍ തയ്യാറാക്കിയ കുഴികളില്‍ എത്തിക്കുന്ന ചത്ത പക്ഷികളെ തിരുവില്വാമല ഐവര്‍ മഠത്തില്‍ നിന്നുള്ള സംഘമാണ് കത്തിച്ച് നശിപ്പിക്കുന്നത്. ഒരു ഫാമിലെ കരിങ്കോഴികള്‍, വാത്തകള്‍, അരയന്നങ്ങള്‍, പ്രാവുകള്‍, അലങ്കാര പക്ഷികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന നൂറ് എണ്ണത്തെയും ഇന്നലെ കൊന്നിരുന്നു. ഫാമിലെ തീറ്റ, കാഷ്ടം, മുട്ടകള്‍, തീറ്റ പാത്രം എന്നിവയും തീയിട്ട് നശിപ്പിച്ചു. ഇതിന് ശേഷം ഫാം ഷെഡ് അണുവിമുക്തവുമാക്കി.
പക്ഷിളെ കൊല്ലുന്നത് ഇന്നും നാളെയും(മാര്‍ച്ച് 15, 16) തുടരും. മൂന്നിയൂര്‍, തിരൂരങ്ങാടി പ്രദേശങ്ങളില്‍ നാളെ മുതല്‍ പക്ഷികളെ കൊന്നുതുടങ്ങാനാണ് തീരുമാനം. തിരുവനന്തപുരം പാലോടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസിലെ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ. എസ് നന്ദകുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ജി.എസ് അജിത് കുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.അയൂബ്, റാപ്പിഡ് റെസ്‌പോണ്‍സ് ടീം ലീഡര്‍ ഡോ.ഹാറൂണ്‍, സപ്പോര്‍ട്ടിംഗ് ടീം അംഗങ്ങളായ ഊര്‍ങ്ങാട്ടിരിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ.എം.എസ് ഗ്രേസ്, കീഴുപറമ്പിലെ വെറ്ററിനറി സര്‍ജന്‍ ഡോ.പി ശ്യാം, റാപ്പിഡ് റെസ്‌പോണ്‍സ് ടീം ലീഡര്‍മാരായ വെറ്ററിനറി സര്‍ജന്‍മാര്‍ എന്നിവരാണ് പക്ഷിപ്പനി പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
- Log in to post comments