കാന്‍സര്‍ സുരക്ഷ ഉറപ്പാക്കി ഈസ്റ്റ് എളേരി
പഞ്ചായത്തിലെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കാന്‍സര്‍ രോഗ സുരക്ഷ ഉറപ്പ് വരുത്തി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ഭരണസമിതി മംഗളൂരു യോനപ്പായ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയിലൂടെ ജനങ്ങളില്‍ കാന്‍സര്‍ രോഗത്തെയും ചികിത്സയെയും കുറിച്ച് അവബോധം സൃഷ്ടിക്കാനും കാന്‍സര്‍ സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ ലഭ്യമാക്കാനുമാണ് ഉദ്ദേശിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഓരോ വീടുകളിലും വളണ്ടിയര്‍മാര്‍ നേരിട്ടെത്തി ഓരോ വ്യക്തിയെയും കേന്ദ്രീകരിച്ച് സര്‍വ്വെ നടത്തും. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കി വെച്ചത്. പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും വ്യക്തിഗത-ആരോഗ്യവിവരങ്ങള്‍ സര്‍വ്വെയിലൂടെ ശേഖരിച്ച് അവയുടെ അടിസ്ഥാനത്തില്‍ രോഗ സാധ്യതയുള്ളവരെ കണ്ടെത്തി അവരെ പഞ്ചായത്ത് തലത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളിലെത്തിക്കും. തുടര്‍ന്ന് വിശദമായ പരിശോധനയും ചികിത്സയും ആവശ്യമുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് അയക്കും. സര്‍വ്വെയ്ക്കുള്ള ചോദ്യാവലി തയാറാക്കലും ഉത്തരങ്ങളുടെ വിലയിരുത്തലും പരിശോധന ക്യാമ്പും മെഡിക്കല്‍ കോളേജിലെ വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. സര്‍വ്വെ നടത്താനായി ഓരോ വാര്‍ഡിലും നാല് പേര്‍ക്ക് പരിശീലനം നല്‍കി. കൂടാതെ ശേഖരിക്കുന്ന വിവരങ്ങള്‍ ഏകോപിക്കാന്‍ ഒരു ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററെയും പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച സര്‍വ്വെ അവസാന ഘട്ടത്തിലാണ് . ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഏകോപിപ്പിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ ക്യാമ്പ് സംഘടിപ്പിക്കും.
ചികിത്സയും അവബോധവും നല്‍കാന്‍ അവസരം-
പ്രസിഡന്റ്
കഴിഞ്ഞ വര്‍ഷം മലബാര്‍ കാന്‍സര്‍ സെന്ററുമായി ചേര്‍ന്ന് കാന്‍സര്‍ പരിശോധന ക്യാമ്പുകള്‍ പഞ്ചായത്ത് നടത്തിയിരുന്നു. കാന്‍സര്‍ സാധ്യത തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നല്‍കാനും കാന്‍സര്‍ വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും ഇതുവഴി സാധിച്ചുവെന്ന് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം പറഞ്ഞു
- Log in to post comments