Skip to main content

മലബാര്‍ സാംസ്‌കാരിക പൈതൃകോത്സവം മാര്‍ച്ച്‌ 11 മുതല്‍ 14 വരെ

മലബാറിന്റെ സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുവാനും സംരക്ഷിക്കുവാനും ലക്ഷ്യമിടുന്ന 'ഉത്സവം 2018' മാര്‍ച്ച്‌ 11 മുതല്‍ 14 വരെ കണ്ണൂരിലെ വിവിധ വേദികളില്‍ അരങ്ങേറും. ഇതിന്റെ ഭാഗമായി കണ്ണൂര്‍ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തുറമുഖ വകുപ്പ്‌ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. 'കണ്ണൂര്‍ കാലത്തിനൊപ്പം' കണ്‍വീനര്‍ എന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലബാര്‍ സാംസ്‌കാരിക പെതൃകോത്സവം ജനറല്‍ കണ്‍വീനറും പുരാവസ്‌തു വകുപ്പ്‌ അധ്യക്ഷനുമായ ജെ രജികുമാര്‍, ഭാരത്‌ ഭവന്‍ സെക്രട്ടറിയും ഫെസ്റ്റിവല്‍ ഡയറക്‌ടറുമായ പ്രമോദ്‌ പയ്യന്നൂര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ വി സുമേഷ്‌, ജില്ലാ കലക്‌ടര്‍ മീര്‍ മുഹമ്മദലി, കൗണ്‍സിലര്‍ അഡ്വ.ലിഷ ദീപക്‌, മ്യൂസിയം ഡയറക്‌ടര്‍ കെ ഗംഗാധരന്‍, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി കെ വി ദേവദാസ്‌, മണ്‌ഡലം പ്രതിനിധി ബാബു ഗോപിനാഥ്‌, സാംസ്‌കാരിക വകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറി ബി സുനില്‍ കുമാര്‍, പുരാവസ്‌തു എഡ്യുക്കേഷന്‍ ഓഫീസര്‍ ടി കെ കരുണദാസ്‌ എന്നിവര്‍ സംസാരിച്ചു.
സാംസ്‌കാരിക പൈതൃകോത്സവത്തിന്റെ ഭാഗമായി സെമിനാറുകള്‍, ചരിത്ര പൈതൃക പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, പുസ്‌തക പ്രദര്‍ശനം, ചിത്രരചന, ക്വിസ്‌ മത്സരങ്ങള്‍, ജനകീയ പ്രശ്‌നോത്തരി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്‌ വിവിധ സബ്‌ കമ്മറ്റികള്‍ രൂപീകരിച്ചു.
പി.എന്‍.സി/386/2018

date