Skip to main content

കൊറോണ 19; മണ്ഡലതല യോഗം ചേര്‍ന്നു

      കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ കൊറോണ ബോധവത്കരണത്തിന്റെ  ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു. കൊറോണ ബോധവത്കരണ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എല്ലാ വിഭാഗം ആളുകളുടെയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
  കൊറോണ ബാധിത പ്രദേശത്ത് നിന്നും വന്നവര്‍ നിര്‍ബന്ധമായും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം. കൊറോണ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഫോണ്‍ വഴി ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം, വിവാഹം പോലെയുള്ള ചടങ്ങുകളില്‍ ജനങ്ങളുടെ പങ്കാളിത്തം പരിമിതപ്പെടുത്തണം, പരിപാടികള്‍ പരമാവധി ഒഴിവാക്കണം, വൃദ്ധരെയും മറ്റു രോഗികളെയും പ്രത്യേകം പരിപാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
  താഴെതട്ടിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുതലങ്ങളില്‍ അടിയന്തരമായി യോഗം കൂടണമെന്നും എം എല്‍ എ നിര്‍ദ്ദേശിച്ചു. ഹോട്ടലുകളില്‍ പ്ലേറ്റുകള്‍ മാറ്റി പകരം ഇല ആക്കണമെന്നും  യോഗം ആവശ്യപ്പെട്ടു. കശുവണ്ടി ഫാക്ടറികളിലെ ശുചിത്വം പരിശോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എം എല്‍ എ നിര്‍ദ്ദേശം നല്‍കി. മണ്ഡലത്തിലെ അങ്കണവാടികളിലെ  കുട്ടികള്‍ക്കുള്ള ഭക്ഷണം നിര്‍ബന്ധമായും വീടുകളില്‍ എത്തിച്ചു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
  സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലക്‌ട്രേറ്റില്‍ കൂടിയ അടിയന്തര യോഗത്തിന്റെ  തുടര്‍  പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കുന്നത്തൂര്‍ മണ്ഡലത്തില്‍ കൊറോണ ബോധവത്കരണം അടിയന്തര യോഗം ചേര്‍ന്നത്.
  ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാ മണി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കുമാരി, കൊട്ടാരക്കര റൂറല്‍ ഡി വൈ എസ് പി നാസറുദ്ദീന്‍, ശാസ്താംകോട്ട ബി ഡി ഒ അനില്‍കുമാര്‍,  വെട്ടിക്കവല ബി ഡി ഒ അനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍,  മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മാസ്‌ക് ധരിക്കേണ്ട രീതി, കൈ കഴുകുന്ന രീതി എന്നിവയെക്കുറിച്ച് ശാസ്താംകോട്ട താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഷഹാന വിവരിച്ചു.

date