Skip to main content

കൊറോണ 19; ബ്രേക്ക് ചെയ്ന്‍ ക്യാമ്പയിന്‍ നെഞ്ചേറ്റി ജില്ല

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന് തുടക്കം കുറിച്ചു. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ്  ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ലക്ഷ്യം.
ആരോഗ്യ വകുപ്പും എംപ്ലോയീസ് ഫെഡറേഷന്‍ ഒഫ് കമ്പ്യൂട്ടര്‍ ആര്‍ടിസ്റ്റ്‌സും(എഫ്ക ) ചേര്‍ന്ന് 'കൊല്ലത്ത് കൊല്ലാം കൊറോണയെ' എന്ന പേരില്‍ കലക്‌ട്രേറ്റ്, ജില്ലാ ആശുപത്രി, കൊല്ലം-കരുനാഗപ്പള്ളി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡുകള്‍, കരുനാഗപ്പള്ളി താലൂക്കാശുപത്രി, ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കൊറോണ ബോധവത്കരണ സന്ദേശങ്ങള്‍ പതിപ്പിച്ച ബ്രേക്ക് ദ ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു. എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍,  കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍  ശിവകുമാര്‍, ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷ്, സാനിറ്റൈസര്‍ സ്‌പോണ്‍സര്‍ ചെയ്ത വര്‍ഗീസ് പോള്‍, എഫ്ക പ്രസിഡന്റ്,  സുനില്‍ ദേവ്, സെക്രട്ടറി അജി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഇതിനായി എല്ലാ പ്രധാന ഓഫീസുകളും കവാടത്തോട് ചേര്‍ന്ന് ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം.
റസിഡന്‍സ് അസോസിയേഷനുകളും ഫ്ളാറ്റുകളും അവരുടെ കെട്ടിടങ്ങള്‍ പ്രവേശിക്കുന്നിടത്ത് ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകളില്‍ വൈറസ് മുക്തമായി കയറണമെന്ന് ഉറപ്പ് വരുത്തുകയും വേണം.
ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും അതിന്റെ ഉപയോഗം ഉറപ്പു വരുത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന ക്യാമ്പയിനായി ഇതിനെ മാറ്റുന്നതിന്  യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനം ലഭ്യമാക്കും. കൊല്ലം സിവില്‍ സ്റ്റേഷന്‍, ടൗണ്‍ ഓഫീസുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ ബ്രേക്ക് ദ ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമായി. സംഘടനകള്‍ ഓഫീസുകളിലേക്ക് ആവശ്യമായ ഹാന്‍ഡ് സാനിറ്റൈസറുകളും ലഭ്യമാക്കും.

കൊറോണ സ്ഥിതിവിവര കണക്കുകള്‍ ഇങ്ങനെ

ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ 475  പേരും ആശുപത്രിയില്‍ 13 പേരും ഉണ്ട്. ഇന്നുമാത്രം 44 പേര്‍  ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു.  285 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 103 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 182 പേരുടെ റിസല്‍റ്റ് നെഗറ്റീവ് ആണ്. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

date