കൊറോണ: അതിര്‍ത്തികളിലെ പരിശോധന കര്‍ശനമാക്കും - മന്ത്രി എ.കെ ശശീന്ദ്രന്
· ജാഗ്രത നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ചയില്ല
കൊറോണ (കോവിഡ് 19) വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ ചെക്ക്പോസ്റ്റുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനയില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പങ്കെടുത്തു. കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാത 766 ലെ മുത്തങ്ങ ചെക്പോസ്റ്റിലാണ് മന്ത്രി പരിശോധനക്ക് നേതൃത്വം നല്‍കിയത്. കര്‍ണ്ണാടകയില്‍ നിന്നും അതിര്‍ത്തി കടന്നെത്തിയ ബസ്സുകളടക്കമുളള വാഹനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തിലുളള സംഘം പരിശോധിച്ചു. യാത്രക്കാര്‍ക്ക് കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്കി. ഐ.സി ബാലകൃഷ്ണന്,ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, ജില്ലാ പോലീസ് മേധാവി ആര്. ഇളങ്കോ എന്നിവരും മന്ത്രിക്കൊപ്പം പരിശോധനയില്‍ പങ്കെടുത്തു. പരിശോധനകള്‍ സംബന്ധിച്ച വിവരങ്ങള്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദ് വിശദീകരിച്ചു.
സര്‍ക്കാര്‍ നല്കിയിട്ടുളള ജാഗ്രാതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടു വീഴ്ച്ചയും അനുവദിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്ന സമീപനമാണ് എല്ലാവരില്‍ നിന്നുമുണ്ടാകേണ്ടത്. രോഗ ഭീഷണി ഒഴിഞ്ഞെന്ന് ഉത്തമ ബോധ്യം വരുന്നതുവരെ ഇത്തരം പരിശോധനകളും നിയന്ത്രണങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചെക്ക് പോസ്റ്റുകളിലെ പരിശോധനയില്‍ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം പരിശോധനയോടുളള യാത്രക്കാരുടെ സഹകരണത്തെ അഭിനന്ദിച്ചു.
ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന 10 ഇടങ്ങളിലാണ് പോലീസ്, വനം, എക്സൈസ്, ആര്.ടി.ഒ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പരിശോധന നടത്തുന്നത്. പനി ലക്ഷണമുളളവരെ ആരോഗ്യകേന്ദ്രങ്ങളില്‍ പരിശോധനക്കായി മാറ്റും. പ്രധാന ചെക്ക്പോസ്റ്റുകളില്‍ തിങ്കളാഴ്ച്ച വൈകീട്ട് വരെ നടന്ന പരിശോധനയില്‍ 1071 വാഹനങ്ങളില്‍ നിന്നായി 3519 യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു. പരിശോധന നടന്ന ചെക്ക് പോസ്റ്റ്, യാത്രക്കാരുടെ എണ്ണം, പനി ലക്ഷണമുളളവര്‍ യഥാക്രമം- മുത്തങ്ങ: 500, 1624, 1 , തോല്‍പ്പെട്ടി: 20, 56, 0, പെരിക്കല്ലൂര്‍: 13,55,0, താളൂര്‍: 26,98,1, ചോലോടി : 144,328,0, കക്കുണ്ടി: 22,32,0, ബാവലി : 217,1085,0,കോട്ടൂര്‍ : 107,157,0,ചീരാല്‍ : 22,84,0
- Log in to post comments