നിരീക്ഷണത്തില്‍ 71 പേര്‍ കൂടി
കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 71 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണത്തില്‍. 235 പേരാണ് ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7 സാമ്പിളുകള്‍ ഇന്നലെ പരിശാധനയ്ക്ക് അയച്ചു. 23 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് നല്‍കിയത്. ഇതില്‍ 9 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 14 റിസള്‍ട്ട് കൂടി ലഭിക്കാനുണ്ട്.
ജില്ലയിലെ കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ അവലോകനം ചെയ്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 12 സംഘങ്ങളാണ് ജില്ലയിലെ വിവിധ മേഖലകളില്‍ പ്രതിരോധ നടപടികളുമായി പ്രവര്‍ത്തിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. മറ്റ് രോഗങ്ങളോടെ ചികിത്സയില്‍ കഴിയുന്നവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായ രോഗികള്‍ക്ക് ഡോക്ടര്‍മാരുമായി വാട്‌സാപ്പ് മുഖേന നേരില്‍ ബന്ധപ്പെടുന്നതിന് സംവിധാനമൊരുക്കുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അവരുടെ ഭാഷകളില്‍ ലഘുലേഖ തയ്യാറാക്കി നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസറോട് നിര്‍ദേശിച്ചു. കുടുംബശ്രീ വഴി 1000 മാസ്‌ക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 10000 മാസ്‌ക്കുകളാണ് കുടുംബശ്രീ ജില്ലാ ഭരണ കൂടത്തിന് വേണ്ടി നിര്‍മ്മിക്കുക. ആസ്പത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരുടെയും സന്ദര്‍ശകരുടെയും എണ്ണം പരമാവധി കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. ജില്ലയില്‍ 10 ചെക്ക്‌പോസ്റ്റുകളിലാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ ആരോഗ്യ വകുപ്പിന്റെ സംഘം പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധനയോട് യാത്രക്കാര്‍ നല്ല രീതിയില്‍ സഹകരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകളും ടൂറിസം വകുപ്പും റിസോര്‍ട്ടുകളിലെ ടൂറിസ്റ്റുകളുടെ കണക്കെടുപ്പ് നടത്തി വരുന്നതായി ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലുള്ള ബോധവത്കരണ ലഘുലേഖകള്‍ തയ്യാറാക്കി ടൂറിസ്റ്റുകള്‍ നല്‍കുന്നതായും കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, എ.ഡി.എം തങ്കച്ചന്‍ ആന്റണി, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments