തദ്ദേശസ്ഥാപനങ്ങൾ ശുചിത്വ കമ്മിറ്റി രൂപീകരിക്കണം
കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ സാനിറ്ററി / ശുചിത്വ ബോധവൽക്കരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ കളക്ടർ എസ് ഷാനവാസ് നിർദ്ദേശിച്ചു. കോവിഡ് 19 രോഗത്തെ സംബന്ധിച്ചും രോഗപ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ചും രോഗലക്ഷണമുളളവർ പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും അനാവശ്യ ഭീതികൾ ഒഴിവാക്കേണ്ടതിലേക്കായും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനു വേണ്ട ലഘുലേഖകൾ വിതരണം ചെയ്യണം.
പ്രായാധിക്യം മൂലം അവശതയനുഭവിക്കുന്നവർ, മാനസികവെല്ലുവിളി നേരിടുന്നവർ എന്നിങ്ങനെ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രാപ്തരല്ലാത്ത വ്യക്തികളെ പ്രത്യേകം നിരീക്ഷിക്കുന്നതിനും അവർക്കാവശ്യമായ മരുന്ന്, ഭക്ഷണം മുതലായ കാര്യങ്ങൾ ആവശ്യമെങ്കിൽ എത്തിച്ചു കൊടുക്കുന്നതിനുളള നടപടികളും സ്വീകരിക്കണം. കൂടാതെ അതത് പഞ്ചായത്ത് തലത്തിൽ അധിവസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ ഭാഷാപരമായി ആശയവിനിമയം പരിമിതമായിട്ടുളള സാഹചര്യത്തിൽ ഭാഷപരിജ്ഞാനം ഉളളവരെ കൂടി ഉൾപ്പെടുത്തി ബോധവൽക്കരണം നടത്തണം. ഇടവേളകളിൽ സ്വദേശത്തുപോയി മടങ്ങിവരുന്നവരുടെ ആരോഗ്യസ്ഥിതി സമഗ്രമായ നിരീക്ഷണത്തിന് / പരിശോധനയ്ക്ക് വിധേയമാക്കണം.
അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലങ്ങളിൽ റിലീജ്യസ് കമ്മിറ്റികൾ രൂപവൽക്കരിച്ച് ഉത്സവങ്ങൾ ആചാരങ്ങളായി പരിമിതപ്പെടുത്തി നടത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണം. ഇതിലേക്കായി അതത് തദ്ദേശസ്വയംഭരണ പരിധിയിൽ വരാനിരിക്കുന്ന ഉത്സവങ്ങൾ സംബന്ധിച്ച് കലണ്ടർ തയ്യാറാക്കി ആയതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സെക്രട്ടറിമാർ ശ്രദ്ധ ചെലുത്തേണ്ടതാണെന്ന് അറിയിച്ചു.
- Log in to post comments