കോവിഡ് 19 : ജില്ലാ ഭരണകൂടവും ഇന്റർ ഏജൻസി കോർഡിനേഷൻ ഗ്രൂപ്പും ചേർന്ന് പ്രവർത്തിക്കും
സംസ്ഥാനത്ത് കോവിഡ് 19 ബാധയുളള സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിൽ ജില്ലാഭരണകൂടവും ഐ.എ.ജി. യും (ഇന്റർ ഏജൻസി കോർഡിനേഷൻ ഗ്രൂപ്പ് ) സംയുക്ത പ്രതിരോധ പ്രവർത്തനങ്ങളിലേയക്ക് നയിക്കും. വൈറസ് ബാധയെത്തുടർന്ന് ഐസോലേറ്റഡ് ആയവർക്കും ഹോം ക്വറന്റൈനിലുള്ളവർക്കും ആവശ്യാനുസരണം സേവനങ്ങൾ ലഭ്യമാക്കുകയും മറ്റുള്ളവരെ രോഗ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയുമാണ് സംയുക്ത പ്രവർത്തനത്തിന്റെ ലക്ഷ്യം.
മാസ്കിന്റെ അപര്യാപ്തത പരിഹരിക്കുന്നതിന് വികാസ് ട്രസ്റ്റ്, കിഡ്സ് കോട്ടപ്പുറം എന്നീ യൂണിറ്റുകളുടെ സഹകരണത്തോടെ കഴുകി ഉപയോഗിക്കാവുന്ന വിധത്തിൽ കോട്ടൺ മാസ്ക് ലഭ്യമാക്കുന്നതിനും നിയമാനുസൃതമായി മാത്രം ജില്ലയിലെ ഫാർമസ്യൂട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഹാന്റ് സാനിറ്റൈസർ നിർമ്മിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. രോഗാവസ്ഥ നിലനിൽക്കുന്നതിന്റെ ഭാഗമായി ഐസോലേറ്റഡ് ആയ രോഗബാധിതർക്ക് മാനസിക പിന്തുണ നൽകുന്നതിന് വ്യാഴാഴ്ച സൈക്കോളജി, എംഎസ്ഡബ്ല്യു വിദ്യാർത്ഥികൾക്കും പ്രൊഫഷണൽസിനും ഓറിയന്റേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കും.
കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യത്തിൽ ജില്ലയിലെ വിവിധ റേഡിയോ ദൃശ്യ മാധ്യമങ്ങളുമായി ചേർന്ന് അനാവശ്യമായി പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കാതിരിക്കുന്നത് ഒഴിവാക്കാൻ കുട്ടികൾക്ക് വേണ്ടി വൈറസ് ബോധവൽക്കരണ പരിപാടികൾ എന്റർടെയിനിംഗ് വിധേന നടത്തുന്നതിനും തീരുമാനമെടുത്തു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി എ.ടി.എം. മെഷീനുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷൻ, ഫ്ളാറ്റ്, റെസിഡന്റ്സ് അസോസിയേഷൻ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ഹാന്റ്സാനിറ്റൈസർ നിർബന്ധമായി ഉപയോഗിക്കാൻ നഴ്സ്മാരെയും, മെഡിക്കൽ കോളേജ് വിദ്യാർത്ഥികളെയും ഉപയോഗപ്പെടുത്താനും ജില്ലാ കളക്ടർ എസ്.ഷാനവാസ് നിർദ്ദേശം നൽകി.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡിസാസ്റ്റർ മാനേജ്മെൻറ് ഡെപ്യൂട്ടി കളക്ടർ ഡോ. എം സി റെജിൽ, ഡിസ്ട്രിക് പ്രോജക്ട് ഓഫീസർ നൗഷാദ നാസ്, മാസ് മീഡിയ ഓഫീസർ ഹരിതദേവി എന്നിവർ പങ്കെടുത്തു.
- Log in to post comments