Skip to main content

കോവിഡ് 19; നിരീക്ഷണം ഇനി ഗ്രാമങ്ങളിലും വാര്‍ഡ് സര്‍വെയ്‌ലന്‍സ് ടീം സജ്ജം

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരീക്ഷണം ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് വാര്‍ഡ് തലത്തില്‍ സര്‍വെയ്‌ലന്‍സ് ടീം രൂപീകരിച്ചു. ജനമൈത്രി പൊലീസ് അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ആശ പ്രവര്‍ത്തക, ഹെല്‍ത്ത് വോളന്റിയര്‍, അങ്കണവാടി വര്‍ക്കര്‍ എന്നിവര്‍ അടങ്ങുന്നതാണ് സര്‍വെയ്‌ലന്‍സ് ടീം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ പഞ്ചായത്തുതല മോണിറ്ററിംഗ് നടത്തും. മെഡിക്കല്‍ ഓഫീസര്‍ ഓരോ ദിവസവും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കും. അടിയന്തര സാഹചര്യത്തില്‍ ഏതു നിമിഷവും ഉപയോഗിക്കുന്നതിനായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കും.
കൊറോണ സംബന്ധമായ വാര്‍ഡ്തല അവലോകന റിപ്പോര്‍ട്ട് എല്ലാ ദിവസവും ഉച്ചയ്ക്ക് മൂന്നിനകം ജില്ലയിലേക്ക് അയക്കണം. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരി ആയിരിക്കും. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ പങ്കെടുക്കണം. ഇതു കൂടാതെ വകുപ്പുതല പ്ലാനിങ് മീറ്റിങ് കൃത്യമായി നടത്തണം.
ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രികളില്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കും. ഇവിടെ പരിചയ സമ്പന്നരായ കൗണ്‍സിലേഴ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തും. കൊറോണ ഭീഷണി നേരിടുന്നതിന് 18 വിവിധ കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇവര്‍ ടീം കലക്ടറുടെ നേതൃത്വത്തിലുള്ള കോവിഡ് - 19 സ്‌പെഷ്യല്‍ സെല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും (ഇ-മെയില്‍ വിലാസം:   kteamcollector@gmail.com)    
റോഡ്, റെയില്‍വേ സര്‍വെയ്‌ലന്‍സ് ശക്തമാക്കും
ട്രെയിനുകള്‍ക്കുള്ളില്‍ പരിശോധന ശക്തമാക്കും. ഇതിനായി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ മെയിന്‍ പ്ലാറ്റ്‌ഫോം, എക്‌സിറ്റ് ഗേറ്റ്, കിളികൊല്ലൂര്‍, കരുനാഗപ്പള്ളി, പരവൂര്‍, മയ്യനാട്, കൊട്ടാരക്കര, ഇരവിപുരം, പെരിനാട്, ഓച്ചിറ, പുനലൂര്‍, കോട്ടവാസല്‍ എന്നീ 12 റെയില്‍വേ സ്റ്റേഷനുകളിലും കൊല്ലം, കൊട്ടാരക്കര കെ എസ് ആര്‍ ടി സി സ്റ്റേഷനിലും ആര്യങ്കാവ് ചെക്ക് പോസ്റ്റിലും ജനമൈത്രി പൊലീസിന്റേയും ട്രാക്ക് വോളന്റിയേഴ്‌സിന്റെയും  ആശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.
കൊറോണ നിരീക്ഷണത്തിനും സഹായത്തിനുമായി സന്നദ്ധ സേവകരും ഉണ്ടാകും. ശുചിത്വമിഷന്‍, സേഫ് കൊല്ലം വോളന്റിയേഴ്‌സിന് വേണ്ട പരിശീലനം നല്‍കും. ഫ്‌ളാഷ് തെര്‍മോമീറ്റര്‍, സഹായക ഉപകരണങ്ങള്‍ എന്നിവ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണം ലംഘിച്ച് ക്ലാസ് നടത്തുന്ന സ്വകാര്യ നഴ്‌സിങ് സ്‌കൂളുകള്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.

date