Skip to main content

പക്ഷിപ്പനി പ്രതിരോധം: ഇന്നലെ  720 പക്ഷികളെ നശിപ്പിച്ചു ശുചീകരണവും തുടങ്ങി

 

പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 17 ) പരപ്പനങ്ങാടി പാലത്തിങ്ങലില്‍  കോഴികള്‍ ഉള്‍പ്പെടെ  720 എണ്ണത്തെ നശിപ്പിച്ചു. 155 മുട്ടകളും 14.5 കിലോ തീറ്റയും നശിപ്പിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ 16-ാം ഡിവിഷനിലായിരുന്നു പ്രതിരോധ നടപടികള്‍.  മുന്‍ ദിവസങ്ങളില്‍ പിടികൂടാനാകാത്ത പക്ഷികളെ ഉള്‍പ്പെടെ കണ്ടെത്തിയാണ് നശിപ്പിച്ചത്. ഇതിനൊപ്പം പാലത്തിങ്ങലിന് ഒരു കിലോ മീറ്റര്‍ പരിധിയില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണു നശീകരണവും ശുചീകരണവും നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും ( മാര്‍ച്ച് 18 ) തുടരും. 
ഇന്ന് ഉച്ചയ്ക്കുള്ളില്‍ പക്ഷികളെ സ്വമേധയാ ഹാജരാക്കാത്തവര്‍ക്കെതിരെ നിയമ നടപടിയ്ക്കാണ് തീരുമാനം. അതേ സമയം ഇത്തരക്കാര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കില്ല. ശുചീകരണ പ്രവര്‍ത്തനത്തില്‍ മൃഗസംരക്ഷണ വകുപ്പ്  ഉദ്യോഗസ്ഥര്‍ക്കും പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭ ജീവനക്കാര്‍ക്കുമൊപ്പം  പരിശീലനം ലഭിച്ച വൈറ്റ് ഗാര്‍ഡ് വളണ്ടിയേഴ്‌സും ഉണ്ടായിരുന്നു.  ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അയൂബ്, റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ ചുമതലയുള്ള ഡോ. ഹാറൂണ്‍, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധ പ്രവര്‍ത്തനം.
 (എം.പി.എം 1027/2020)
കോവിഡ് 19- എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളിലെ സേവനങ്ങള്‍ പരിമിതപ്പെടുത്തി
കോവിഡ് 19 പ്രതിരോധ നടപടികളുടെ  ഭാഗമായി ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ എക്‌സേഞ്ചുകളിലും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എക്‌സേഞ്ചുകള്‍ വഴിയുള്ള എല്ലാ അനേ്വഷണങ്ങളും ടെലഫോണ്‍ മുഖേന മാത്രം നടത്തണം. രജിസ്‌ട്രേഷന്‍/പുതുക്കല്‍/ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ംംം.ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി  എന്ന വെബ്‌സൈറ്റില്‍  ചെയ്യണം. സ്മാര്‍ട്ട് ഫോണിലും  ഈ സൗകര്യം ലഭിക്കും. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ ഓണ്‍ലൈനായി നടത്തിയവര്‍ 90 ദിവസത്തിനുളളില്‍   (കൊറോണ ജാഗ്രതാ ദിവസങ്ങള്‍ക്ക് ശേഷം) എംപ്ലോയ്‌മെന്റ് ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതിയെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. 
എക്‌സേഞ്ചുകളിലെ അന്വേഷണങ്ങള്‍ക്ക്  0483-2734904 (ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, മലപ്പുറം), 0494-2422826 (തിരൂര്‍), 0494-2664506  (പൊന്നാനി), 0493-3220185 (പെരിന്തല്‍മണ്ണ), 04931-222990 (നിലമ്പൂര്‍), 0494-2464848(തിരൂരങ്ങാടി), 0494 2607333 (കുറ്റിപ്പുറം), 9497752585 (കൊണ്ടോട്ടി),  9539567112  (വണ്ടൂര്‍) തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടണം.
 

date