Skip to main content

ക്‌ളീന്‍ കൊല്ലം - അജൈവമാലിന്യ ശേഖരണത്തിന് പഞ്ചായത്തുകള്‍ ഒരാഴ്ചയ്ക്കകം പദ്ധതികള്‍ സമര്‍പ്പിക്കണം - മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ

ക്‌ളീന്‍ കൊല്ലം പദ്ധതി  യാഥാര്‍ത്ഥ്യമാക്കാന്‍ അജൈവമാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ തീരദേശത്തെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ നിര്‍ദ്ദേശം നല്‍കി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ശുചിത്വ സാഗരം പദ്ധതിയുടെ അവലോകന യോഗത്തിലാണ് അതിവേഗ നടപടികള്‍ക്കുള്ള നിര്‍ദ്ദേശം. ശുചിത്വ സാഗരമടക്കമുള്ള പദ്ധതികള്‍  ക്‌ളീന്‍ കൊല്ലത്തിന്റെ കുടക്കീഴിലാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് പണം വിനിയോഗിച്ച് അജൈവമാലിന്യ ശേഖരണം തുടങ്ങണം. തുടര്‍ന്ന് പദ്ധതികള്‍ സമര്‍പ്പിച്ച് അംഗീകാരം നേടി വിനിയോഗിച്ച തുക ക്രമീകരിക്കാം. 
കുടുംബശ്രീയും ശുചിത്വമിഷനും ചേര്‍ന്ന് തീരദേശ പഞ്ചായത്തുകള്‍ മുതല്‍ കോര്‍പറേഷന്‍ വരെ അജൈവ മാലിന്യ ശേഖരണത്തിനുള്ള സംവിധാനമുണ്ടാക്കണം. ഇവ പിന്നീട് ശക്തികുളങ്ങര തുറമുഖത്ത് സജ്ജീകരിക്കുന്ന ഷ്രെഡിംഗ് യൂണിറ്റിലെത്തിച്ച് പുനരുപയോഗത്തിന് തയ്യാറാക്കും. ഖരമാലിന്യം ഒരു ഘട്ടത്തിലും ശേഖരിക്കാന്‍ പാടില്ല. അവ അതത് വീടുകളില്‍ തന്നെ സംസ്‌കരിക്കണം. തീരദേശ പഞ്ചായത്തുകളില്‍ നിന്നുള്ള മാലിന്യ ശേഖരണം ഒരാഴ്ചയ്ക്കകം തുടങ്ങണം.  

സി. ഡി. എസ്. ചെയര്‍പെഴ്‌സന്‍മാര്‍, എ. ഡി. എസ്. മാര്‍, അയല്‍ക്കൂട്ടം പ്രസിഡന്റുമാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍,  വ്യാപാരി-വ്യവസായി സംഘടനാ നേതാക്കള്‍, സ്റ്റുഡന്റ് പൊലിസ് കെഡറ്റ്, വിദ്യാലയ മേധാവികള്‍, എന്‍.എസ്. എസ്. യൂണിറ്റുകള്‍, പൊതുമരാമത്ത് - ദേശീയപാത വിഭാഗങ്ങള്‍, ഉള്‍നാടന്‍ ജലഗതാഗത വകുപ്പ്, ടൂറിസം വകുപ്പ്,  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം സജീവ പങ്കാളിത്തം നവംബര്‍ 10 ന് ടൗണ്‍ഹാളില്‍ ചേരുന്ന ക്‌ളീന്‍ കൊല്ലം സംഘാടക സമിതി യോഗത്തില്‍ ഉറപ്പാക്കണം.  ഡിസംബര്‍ 10 മുതല്‍ 31 വരെ നടക്കുന്ന ശുചിത്വയജ്ഞത്തില്‍  പൊതുജനങ്ങളുടെ സമ്പൂര്‍ണ്ണ സഹകരണവും സഹായവും മന്ത്രി അഭ്യര്‍ത്ഥിച്ചു. 
ഓരോ പഞ്ചായത്തും മാലിന്യ നിര്‍മാര്‍ജനത്തിനുള്ള മാതൃകാ പദ്ധതികള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു. ഹരിതകേരളം പദ്ധതി സമ്പൂര്‍ണ്ണമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 
എ. ഡി. സി. ജനറല്‍ വി. സുദേശന്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അനില്‍കുമാര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

(പി.ആര്‍.കെ.നമ്പര്‍  2535/17)
 

date