അടുത്ത രണ്ടാഴ്ച നിര്‍ണായകം; മത ചടങ്ങുകള്‍ പങ്കാളിത്തം പരിമിതപ്പെടുത്താന്‍ ധാരണ
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മതപരമായ ചടങ്ങുകളില്‍ ജനപങ്കാളിത്തം പരിമിതപ്പെടുത്താന്‍ ജില്ലയിലെ മതനേതാക്കള്‍ സന്നദ്ധത അറിയിച്ചു. ചടങ്ങുകള്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാതെ നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികള്‍ ഉറപ്പ് നല്‍കി.
നിലവില്‍ പല ചടങ്ങുകളും ലളിതമായാണ് നടത്തുന്നത്. ഞായറാഴ്ച്ചകളിലും മറ്റു ദിവസങ്ങളിലും ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ നടത്തുന്ന കര്‍മ്മങ്ങളില്‍ വിശ്വാസികള്‍ പങ്കെടുക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വിവിധ സഭകളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു.
വൈറസ് വ്യാപനം പൂര്‍ണ്ണമായും തടയുന്നതിന് അടുത്ത രണ്ടാഴ്ചത്തെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വളരെ നിര്‍ണായകമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. രോഗ നിയന്ത്രണത്തിനായി രൂപീകരിച്ചിട്ടുള്ള പഞ്ചായത്ത്തല സമിതികളുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും വിദേശത്തു നിന്ന് വരുന്നവര്‍ വെളിയിലിറങ്ങാതെ വീട്ടില്‍ തന്നെ കഴിയണമെന്ന ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ്,എ.ഡി.എം അനില്‍ ഉമ്മന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, ഹുസൂര്‍ ശിരസ്തദാര്‍ ബി.അശോക് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments