വിളിപ്പുറത്തുണ്ട് ആരോഗ്യവകുപ്പ്; 15 കാരിക്ക് തുണയായത് ടെലി കണ്‍സള്‍ട്ടേഷന്‍
സ്ഥിരമായി മരുന്നു കഴിക്കേണ്ട ആരോഗ്യ പ്രശ്‌നമുള്ള പതിനഞ്ചുകാരിക്ക് പനി കൂടിയത് പെട്ടെന്നാണ്. വിദേശത്തുനിന്നെത്തി ഹോം ക്വാറന്റയിനിലായ അമ്മയ്‌ക്കൊപ്പമാണ് പെണ്‍കുട്ടിയും സഹോദരനും കഴിയുന്നത്. നേരിട്ട് ആശുപത്രിയില്‍ പോകുന്നത് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കെതിരാകുമെന്ന് അറിയാവുന്നതുകൊണ്ട് ടെലി കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ ബന്ധപ്പെട്ടു.
തുടര്‍ നടപടികള്‍ വേഗത്തിലായിരുന്നു. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ടെലി കണ്‍സള്‍ട്ടേഷന്റെ ചുമതലയുള്ള ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അജയ് മോഹന്‍ ആംബുലന്‍സ് അയച്ച് മൂവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടു. അമ്മയും മക്കളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുകയാണ്. ഇവരില്‍ ആര്‍ക്കും കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളില്ല.
മറ്റുള്ളവരുടെ സുരക്ഷയെക്കരുതി പൊതുസമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ കഴിയുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ടെലി കണ്‍സള്‍ട്ടേഷന്‍ നമ്പരിലേക്ക് ഏതു സമയത്തും വിളിക്കാം. സംശയ നിവാരണത്തിനും തുടര്‍ സേവനങ്ങള്‍ക്കുമായി പതിനഞ്ചോളം ഡോക്ടര്‍മാര്‍ ഈ സംവിധാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്.
നെഞ്ചുവേദനയെ തുടര്‍ന്ന് ടെലി കണ്‍സള്‍ട്ടേഷന്‍ നമ്പരായ 7034322777 ലേക്ക് വിളിച്ച ഹോം ക്വാറന്റയിനിലുള്ള വയോധികനെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്തി ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് വീട്ടിലെത്തിച്ചു.
ഇതിനു പുറമെ വിദേശ രാജ്യങ്ങളില്‍നിന്നും കൊറോണ ബാധിത മേഖലകളില്‍നിന്നുമെത്തുന്നവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും രോഗബാധയുമായി ബന്ധപ്പെട്ട പൊതുവായ സംശയ നിവാരണത്തിനും കളക്ടറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കണ്‍ട്രോള്‍ റൂമും ദിവസം മുഴുവന്‍ ജാഗ്രതയിലാണ്.
രണ്ടു ഷിഫ്റ്റുകളിലായി മുപ്പതോളം പേര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ(പ്രൈമറി കോണ്‍ടാക്ട്‌സ്) ആരോഗ്യ സ്ഥിതി കൃത്യമായ ഇടവേളകളില്‍ വിലയിരുത്തും. ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റാന്‍ ഉടന്‍ നടപടി സ്വീകരിക്കും. സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയിലുള്ളവര്‍ ഹോം ക്വാറന്റയിനില്‍ തന്നെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരാണ്.
ഇങ്ങോട്ടുവരുന്ന ഓരോ ഫോണ്‍കോളില്‍നിന്നും വിവരങ്ങള്‍ കൃത്യമായി ശേഖരിക്കും. സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. ആവശ്യമെങ്കില്‍ അടിയന്തരമായി തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും.
ഇതിനു പുറമെ പനിയുണ്ട്, ചുമയുണ്ട്.. കൊറോണയാണോ എന്ന സംശയവുമായി വിളിക്കുന്ന സാധാരണക്കാര്‍ ഏറെയാണ്. വൈറസിനെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവരും സ്വന്തം അറിവുകള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. വിദേശത്തെ മക്കളെയും പേരക്കുട്ടികളെയും കുറിച്ചുള്ള വയോജനങ്ങളുടെ ആശങ്കകളും വിദേശത്തുനിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിയാതെ കറങ്ങി നടക്കുന്നവരെക്കുറിച്ചുള്ള വിവരവും മാസ്‌കുകള്‍ പൂഴ്ത്തിവയ്ക്കുന്നവരെക്കുറിച്ചും വില കൂട്ടി വില്‍ക്കുന്നവരെക്കുറിച്ചുമുള്ള പരാതികളുമെല്ലാം ഇവിടെയെത്തും. പക്ഷെ, വിളിക്കുന്ന ആര്‍ക്കും നിരാശരാകേണ്ടിവരില്ല. (കണ്‍ട്രോള്‍ റൂം നമ്പര്‍ 1077, 0481 2581900, 0481 2304800)
- Log in to post comments