Skip to main content

ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ നിര്‍മാണം: ജില്ലാഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന തുടങ്ങി മൈലപ്പുറത്തെ സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്തു

കോവിഡ് 19ന്റെ മറവില്‍ ലൈസന്‍സില്ലാതെ നിര്‍മിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ പിടികൂടാന്‍ ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധന ജില്ലയില്‍ ശക്തമാക്കി. പരിശോധനയില്‍ മലപ്പുറം നഗരസഭയില്‍  മൈലപ്പുറം ടൗണില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മെഡ്‌വിന്‍ ഡയഗ്‌ണോസ്റ്റിക് എന്ന സ്ഥാപനത്തിന്റെ സാനിറ്റൈസറുകള്‍ പിടിച്ചെടുത്തു. സ്ഥാപനം ലൈസന്‍സില്ലാതെ വന്‍തോതില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഡ്രഗ്‌സ് വിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ കൊല്ലത്തുള്ള ഒരു ഡിസ്ട്രിബ്യൂട്ടര്‍ക്ക് ലൈസന്‍സില്ലാത്ത 156 ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വിതരണം ചെയ്തതിന്റെ ബില്‍ കണ്ടെത്തി. കൂടാതെ കുരിക്കള്‍ മെഡിക്കല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് മെഡ്‌വിന്‍ ഡയഗ്‌ണോസ്റ്റിക് സ്ഥാപനം നിര്‍മിച്ച  20 കുപ്പി ഹാന്‍ഡ് സാനിറ്റൈസറുകളും പിടിച്ചെടുത്തു. സ്ഥാപനത്തിന്റെ ക്ലീന്‍ റബ് ഹാന്‍ഡ് സാനിറ്റൈസര്‍ എന്ന പേരിലുള്ള 100, 250 മി.ല്ലി ബോട്ടിലുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. 
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിര്‍മാണ ലൈസന്‍സില്ലാത്തതും  ഗുണനിലവാരമില്ലാത്തതുമായ സാനിറ്റൈസറുകള്‍ വിപണിയിലെത്തിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും. പരിശോധനയ്ക്ക് ഡ്രഗ്ഗ് ഇന്‍സ്‌പെകടര്‍മാരായ യു.ശാന്തികൃഷ്ണ, ആര്‍.അരുണ്‍കുമാര്‍, വി.എം ഹഫ്‌സത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
 

date