Skip to main content

കോവിഡ് 19: ഫ്രീഡം ഹാൻഡ് സാനിറ്റൈസറുമായി ജയിൽവകുപ്പ്

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാസ്‌ക്ക് നിർമ്മിച്ച് വിയ്യൂർ സെൻട്രൽ ജയിൽ മാതൃക കാണിച്ചതിന് പുറമെ ഫ്രീഡം ഹാൻഡ് സാനിറ്റൈസറുമായി അതീവ സുരക്ഷാ ജയിലും രംഗത്ത്. സെൻട്രൽ ജയിലിലെ അന്തേവാസികൾ യുദ്ധകാലാടിസ്ഥാനത്തിൽ ദിനംപ്രതി ആയിരത്തോളം പുനരുപയോഗിക്കുന്ന മാസ്‌ക്കുകളാണ് നിർമ്മിച്ചു വിതരണം നടത്തുന്നത്. ഇതിന് പുറമെയാണ് അതീവ സുരക്ഷാ ജയിൽ അന്തേവാസികൾ ജയിൽ ഡി ജി പി ഋഷിരാജ് സിങിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഫ്രീഡം സാനിറ്റൈസർ നിർമ്മിച്ച് കുറഞ്ഞ വിലക്ക് ലഭ്യമാക്കി രംഗത്ത് വന്നിരിക്കുന്നത്.
20 ലിറ്റർ ഐസോ പ്രൊപൈൽ ആൽക്കഹോളിൽ (സ്പിരിറ്റ് )നിന്നും ഏതാണ്ട് അത്ര തന്നെ വരുന്ന സാനിറ്റൈസറാണ് അതീവ സുരക്ഷാ ജയിലിൽ നിർമ്മിച്ചത്. ഇത് ഉണ്ടാക്കാൻ ആവശ്യമായ ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ലിസറിൻ, കറ്റാർവാഴ ജെൽ എന്നിവ നിശ്ചിത അനുപാതത്തിൽ മിക്സ് ചെയ്താണ് സാനിറ്റൈസർ നിർമ്മിച്ചത്. 200എംഎൽ, 100എംഎൽ ബോട്ടിലുകളായാണ് സാനിറ്റൈസർ വിൽപ്പന നടത്തിയത്.
ഡബ്ലിയു എച്ച് ഒ അനുശാസിക്കുന്ന രീതിയിൽ തന്നെ ഗുണനിലവാരമുള്ള രാസവസ്തുക്കളാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി മാസ്‌ക്കുകൾ ക്കും സാനിറ്റൈസറുകൾക്കും ആവശ്യക്കാർ ഏറെയാണ്. നിർമ്മിച്ച സാനിറ്റൈസറുകൾ അന്നുതന്നെ വിറ്റുതീരുന്നുണ്ട്. ഫോണിലൂടെയുള്ള നിരന്തരമായ അന്വേഷണങ്ങളുമുണ്ട്. സാനിറ്റൈസർ നിർമ്മിക്കാൻ വീണ്ടും നൂറ് ലിറ്റർ സ്പിരിറ്റിനായി കാത്തിരിക്കുകയാണ് ജയിൽ വകുപ്പ്. സ്പിരിറ്റും നിർമ്മിക്കാൻ വേണ്ട അനുബന്ധ രാസവസ്തുക്കളും ലഭിച്ചാലുടൻ വിവിധ അളവുകളിലുള്ള ഹാൻഡ് സാനിറ്റൈസറുകൾ ഫ്രീഡം ഔട്ട്ലെറ്റിലൂടെ വിതരണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. സാധാരണക്കാർക്കും വാങ്ങാവുന്ന രീതിയിൽ കുറഞ്ഞ വിലയ്ക്കാണ് സാനിറ്റൈസറുകൾ നൽകുന്നത്.

date