കോവിഡ് 19: പൊതുവിപണിയിൽ എല്ലാ ദിവസവും പരിശോധന നടത്തും: പൊതുവിതരണ വകുപ്പ്
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെപ്പും ക്ഷാമവും വിലക്കയറ്റവും പരിശോധിക്കാൻ പൊതുവിപണിയിൽ ദിവസേന പരിശോധന ശക്തമാക്കുമെന്ന് പൊതുവിതരണ വകുപ്പ്. പൊതുജനങ്ങൾക്ക് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും കൃത്രിമ വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിനും വകുപ്പിന്റെ നടപടികൾ ശക്തമാക്കുന്നതിനും വേണ്ടി ജില്ലാ സപ്ലൈ ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ മൊത്ത/ ചില്ലറ വ്യാപാരി വ്യവസായി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. കുപ്പിവെള്ളത്തിന് സർക്കാർ നിശ്ചയിച്ച പരമാവധി വിലയായ 13 രൂപയിൽ കൂടുതൽ വിലയ്ക്ക് വിൽക്കാൻ പാടില്ല. ഹോട്ടലുകളിലും ഈ വില ബാധകമാണ്. എല്ലാ വ്യാപാരികളും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നും പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. നിലവിൽ അവശ്യസാധനങ്ങളുടെ ദൗർലഭ്യവും വിലക്കയറ്റവും ഇല്ല. നിലവിലെ സാഹചര്യം നേരിടുന്നതിന് പൂർണ്ണ പിന്തുണയും വ്യാപാരിവ്യവസായി സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസിൽ നടന്ന യോഗത്തിൽ വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ സെക്രട്ടറി പയസ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മിൽട്ടൺ, ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി എം ആർ ഫ്രാൻസിസ്, ഡോ ജയപ്രകാശ്, തൃശൂർ താലൂക്ക് സപ്ലൈ ഓഫീസർ എ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.
പൊതുവിതരണ കേന്ദ്രങ്ങൾക്ക് റേഷൻ സാധനങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനും ഏപ്രിൽ മെയ് മാസങ്ങളിലെ റേഷൻ വിഹിതം എഫ്സിഐയിൽ നിന്ന് സമയബന്ധിതമായി വിട്ടുകിട്ടുന്നതിന് സഹകരണം ഉറപ്പാക്കുന്നതിനും മുളങ്കുന്നത്തുകാവ് എഫ്സിഐ ഡിപ്പോ ഓഫീസിൽ യോഗം ചേർന്നതായും സപ്ലൈ ഓഫീസർ അറിയിച്ചു. എഫ്സിഐ തൊഴിലാളികൾ, അധികൃതർ, ട്രാൻസ്പോർട്ടിങ് കോൺട്രാക്ടർ എന്നിവരടങ്ങുന്ന യോഗം ഈ വിഷയത്തിൽ പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments