ഭരണി മഹോത്സവത്തിലെ ആൾക്കൂട്ടം ഒഴിവാക്കണം കൊടുങ്ങല്ലൂർ നഗരസഭ കൗൺസിൽ
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഭക്തരും കോമരങ്ങളും സഹകരിക്കണമെന്ന് നഗരസഭാ കൗൺസിലിന്റെയും രാഷ്ട്രീയ കക്ഷികളുടെയും സംയുക്തയോഗം അഭ്യർത്ഥിച്ചു. ആയിരക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നും കൊടുങ്ങല്ലൂരിൽ എത്തിച്ചേരുന്നത്. നഗരവാസികളുടെയും ഭക്തരുടെയും ആരോഗ്യത്തിന് അപകടകരമാണ് ഇത്തരം കൂട്ടം ചേരലെന്ന് യോഗം വിലയിരുത്തി. ഇത്തവണ ഭരണിക്കായി കൊടുങ്ങല്ലൂരിലേക്ക് വരുന്നത് ഏവരും ഒഴിവാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. ഭരണി ദിവസങ്ങളിൽ ആളുകൾക്ക് ഒത്തുചേരാനും ഭക്ഷണം കഴിക്കാനും താമസിക്കാനുമുള്ള സൗകര്യം നഗരത്തിൽ ഏർപ്പെടുത്തുന്നതിനെ വിലക്കുവാനും യോഗം തീരുമാനിച്ചു.
തദ്ദേശഭരണ സ്ഥാപന പ്രതിനിധികളോടും രാഷ്ട്രീയ നേതാക്കളോടുമായി വെബ് കാസ്റ്റിംഗ് മുഖേന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംയുക്തമായി നടത്തിയ പ്രസ്താവനയുടെ ഭാഗമായാണ് ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും യോഗം നഗരസഭയിൽ ചേർന്നത്. നഗരത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും യോഗം തീരുമാനിച്ചു. ബോധവൽക്കരണത്തിനായി മുഴുവൻ വാർഡുകളിലും സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെ ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനും കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും മടങ്ങിവന്നവരെ വീടുകളിൽ തന്നെ മതിയായ കാലം നിരീക്ഷണത്തിൽ തുടരുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.എസ്. കൈസാബ് അധ്യക്ഷത വഹിച്ചു. സി.കെ. രാമനാഥൻ, പി.എൻ. രാമദാസ്, വി.ജി. ഉണ്ണികൃഷ്ണൻ, വി.എം. ജോണി, ദിൽഷൺ കൊട്ടേക്കാട്, സെക്രട്ടറി ടി.കെ. സുജിത് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments