ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ രക്ഷ: കേന്ദ്ര മന്ത്രിയുമായി മന്ത്രി മേഴ്‌സിക്കുട്ടി അമ്മ ചർച്ച നടത്തി
കോവിഡ് രോഗത്തിന്റെ അടിസ്ഥാനത്തിൽ ഇറാനിൽ കുടുങ്ങിയ 65 മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഫോണിൽ സംസാരിച്ചു.
കേന്ദ്ര സർക്കാർ ഇറാൻ സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങിയത് അറിഞ്ഞപ്പോൾത്തന്നെ ഫിഷറീസ് വകുപ്പ് നോർക്ക വഴി എംബസിയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുന്നതിനുള്ള ശ്രമം നടത്തിയിരുന്നതായി മന്ത്രി പറഞ്ഞു.
ഇറാനിലെ ഫിഷ് ഐലന്റിൽ 20 മലയാളികൾ ഉൾപ്പെടെ 350 പേരും അസ്സാലുവേയിൽ 60 മലയാളികൾ ഉൾപ്പെട 250 പേരും ചിരുവേയിൽ 400 പേരുമാണ് തിരികെ വരാനാകാതെ കഴിയുന്നത്.
ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്കായി ഇന്ത്യൻ എംബസി ഇടപെട്ട് ആഹാരവും, വെള്ളവും മറ്റ് സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. കോവിഡ്-19 പരക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ഇന്ത്യയിൽ എത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ ഇറാൻ വിദേശകാര്യ അധികാരികളുമായി ചർച്ച നടത്തി വരികയാണ്. എത്രയും വേഗം ഇവരെ നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി വ്യക്തമാക്കി.
പി.എൻ.എക്സ്.1139/2020
- Log in to post comments