Skip to main content

ജനജാഗ്രതാ സമിതികള്‍ പുനരുജ്ജീവിപ്പിച്ചു:  ജില്ലാ കളക്ടര്‍

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനജാഗ്രതാ സമിതികള്‍ പുനരുജ്ജീവിപ്പിച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.  സജിത് ബാബു അറിയിച്ചു. ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡുകള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച്, ഇവരുടെ വിവരങ്ങള്‍ ജനജാഗ്രതാ സമിതിയെ അറിയിക്കണം. ജില്ലയില്‍ 777        സ്‌ക്വാഡുകളാണ്  രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. ജാഗ്രതാ സമിതിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജനമൈത്രി പോലീസ് എന്നിവര്‍ ഉണ്ടായിരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പും സര്‍ക്കാറും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നുണ്ടെങ്കില്‍ ഈ വിവരം കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം.   വിദേശത്തുനിന്ന് വന്ന,  വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ നിര്‍ദ്ദേശിക്കുന്നവരെ, നിരീക്ഷണ കാലാവധി അവസാനിക്കുന്നതുവരെ പ്രത്യേകം സജ്ജീകരിച്ച കൊറോണ കെയര്‍ സെന്റര്‍ എന്ന പുതിയ സംവിധാനത്തില്‍ പ്രത്യേകം നിരീക്ഷിക്കാന്‍  തീരുമാനിച്ചു. ഈ കേന്ദ്രങ്ങളില്‍ ശക്തമായ പോലീസ് ബന്തവസ് ഒരുക്കാന്‍ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

നിരീക്ഷണത്തിലുള്ള വരെ പാര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കും: രണ്ട് സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കും

കൊവിഡ്-19 രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍  കൂടുതല്‍ സൗകര്യമെര്‍പ്പെടുത്താന്‍ ജില്ലാതല അവലോകന സമിതി യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ലക്ഷ്മി മേഘന്‍ ആശുപത്രിയും അരമന ആശുപത്രിയുടെ ഒരു ബ്ലോക്കും ഇതിനായി ഏറ്റെടുക്കും. വിദേശത്തു നിന്ന് വന്ന രോഗലക്ഷണമില്ലാത്തവരെ നിരീക്ഷണ കാലാവധി കഴിയുന്നതുവരെ പാര്‍പ്പിക്കുന്നതിന്  കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപമുള്ള കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളൂം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ബല്ലാ ഗവ ഹയര്‍സെക്കണ്ടറി      സ്‌കൂളൂം ഏറ്റെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന:.

മംഗലാപുരം വിമാനത്താവളത്തില്‍ ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു

 

കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു ഇതിന്റെ ഭാഗമായി ഡോക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പോലീസ് എന്നിവരടങ്ങുന്ന ടീം കര്‍ശന പരിശോധന നടത്തും. മംഗലാപുരം വഴി കേരളത്തിലേക്ക് വരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ കൊണ്ടുവരുന്നതിന് തീരുമാനിച്ചു. മംഗലാപുരം വിമാനത്താവളത്തില്‍ ഒരു സ്പെഷ്യല്‍ ഓഫീസറെ ഇതിനായി നിയമിച്ചു.

 

ഉത്സവങ്ങള്‍, ആരാധാനാലയങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍

 

ഉത്സവങ്ങളിലും ആരാധാനാലയങ്ങളിലും ജില്ലാ കളക്ടറുടെ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ച അന്‍പതില്‍  കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും ഉന്നതതല യോഗം തീരുമാനിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

 

വിദേശത്തു നിന്നും വരുന്നവരെ  പ്രത്യേക വാഹനത്തില്‍ തലപ്പാടിയില്‍ എത്തിക്കും

 

മംഗലാപുരം വിമാനത്താവളം വഴി വിദേശത്തു നിന്നു കേരളത്തിലേക്ക് വരുന്നവരെ കര്‍ണ്ണാടക സര്‍ക്കാരിന്റെ പ്രത്യേക വാഹനത്തില്‍ തലപ്പാടിയില്‍ എത്തിക്കും. ഇവരെ പ്രത്യേക മെഡിക്കല്‍ ടീം പരിശോധിക്കും. അതിനുശേഷം രോഗലക്ഷണമുള്ളവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവരെ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കാസര്‍കോട് എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവര്‍ തലപ്പാടിയില്‍ നിന്നും സ്വകാര്യവാഹനത്തില്‍ പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തലപ്പാടി കൗണ്ടറില്‍ സൂക്ഷിച്ചിരിക്കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പിട്ട് നല്കണം. തുടര്‍ന്ന് അവര്‍ക്ക് സ്വകാര്യ വാഹനത്തില്‍ പോകാം.

   കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നടന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി എസ് സാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാമദാസ്,  ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ,്  എ.ഡി.എം എന്‍ ദേവീദാസ്  എന്നിവര്‍ പങ്കെടുത്തു

date