Skip to main content

കോവിഡ് പ്രതിരോധം: ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കും

കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ് സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഭക്ഷ്യോൽപാദന, വിതരണ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് ആശുപത്രികൾ, ബസ് സ്റ്റാന്റുകൾ, റയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവയുടെ സമീപമുളള ബേക്കറികൾ, റസ്റ്റോറന്റുകൾ എന്നീ സ്ഥാപനങ്ങൾ സ്‌പെഷ്യൽ സ്‌ക്വാഡുകൾ പരിശോധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. പരിശോധനയിൽ വ്യക്തി ശുചിത്വം, ഹാന്റ് സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തും. ആരോഗ്യവകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങളും പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ചുമ, ശ്വാസതടസം എന്നിവ നേരിടുന്ന വ്യക്തികൾ ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കണം. ഭക്ഷ്യോൽപാദന വിതരണ സ്ഥാപനങ്ങൾ നിശ്ചിത ഇടവേളകളിൽ അണുനാശിനി കൊണ്ട് വൃത്തിയാക്കണം. ഭക്ഷ്യോൽപാദന വിതരണസ്ഥാപനങ്ങളിലെ ജീവനക്കാർ മാസ്‌ക്, ഹെയർ നെറ്റ് എന്നിവ ധരിക്കണം. വൃത്തിയാക്കിയ പാത്രങ്ങളും ഗ്ലാസുകളും മാത്രം ഉപയോഗിക്കണം. നേർപ്പിക്കാത്ത സോപ്പ് ലായനി/സോപ്പ് നിർബന്ധമായും ഹോട്ടലുകളിലെ കൈ കഴുകുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കണം. ഉപയോഗിക്കുന്ന സോപ്പ്, ഹാന്റ് സാനിറ്റൈസർ എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പാക്കണം.
ക്യാഷ് കൗണ്ടറിൽ പണം കൈകാര്യം ചെയ്യുന്നവർ ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം. ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ വഴി കോവിഡ് 19 പകരുമെന്നത് ശരിയല്ല. പാൽ, മുട്ട, ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ശരിയായ താപനിലയിൽ പാകം ചെയ്ത് ഉപയോഗിക്കണം.
പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശുദ്ധമായ വെളളത്തിൽ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷണ പദാർത്ഥങ്ങൾ അണുവിമുക്ത പ്രതലങ്ങളിൽ സൂക്ഷിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ നിർബന്ധമായി പാലിക്കണം.
പി.എൻ.എക്സ്.1144/2020

date