Skip to main content

ജില്ലയില്‍ 609 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 609 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 13 പേര്‍ ആശുപത്രികളിലും 596 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി നാല് പേരെയാണ് ആശുപത്രി നിരീക്ഷണത്തിലാക്കിയത്.  24 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതില്‍ 32 പേരുടെ ഫലം വന്നു. ഇനി 37 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. കഴിഞ്ഞ ദിവസം  കൊറേണ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 69 പേരെ തിരിച്ചറിഞ്ഞ്  നിരീക്ഷണത്തിലാക്കി.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിരീക്ഷണ

കാലയളവില്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പട്ടവര്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിരീക്ഷണത്തില്‍ ഉള്ളവര്‍  വീടുകളില്‍ നിന്നും പുറത്തിറങ്ങി സഞ്ചാരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍  ഇവരെ പ്രത്യേകം സജ്ജമാക്കുന്ന കൊറോണ കണ്‍ട്രോള്‍ സെല്ലിലേക്കും മാറ്റും. കാസര്‍കോട്  ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും ബല്ല ഗവണ്‍മെന്റ്  ഹയര്‍സെക്കണ്ടറി സ്‌കൂളിലുമാണ്  ഇവര്‍ക്ക് വേണ്ടി പ്രത്യേക കൊറോണ കണ്‍ട്രോള്‍ സെല്ലുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ  

കര്‍ശന നടപടി

കൊറോണ വ്യാപനം  തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ  നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളില്‍ 50 ലേറെ ആളുകള്‍ സമ്മേളിക്കുന്നത് നിലവിലുള്ള ഉത്തരവിന്റെ ലംഘനമാണെന്നും നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു

 ചില ആരാധനാ കേന്ദ്രങ്ങളില്‍ 50 ലധികം ആളുകള്‍ സമ്മേളിച്ചതായി  പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഈ ആരാധനാ കേന്ദ്രങ്ങളിലെ മതപുരോഹിതര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ്.സാബു പറഞ്ഞു

  കളക്ടറേറ്റില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, കോര്‍ കമ്മിറ്റി അംഗങ്ങളായ   എ ഡി എം എന്‍ ദേവീദാസ്, ഡി എം ഒ ഡോ.എ.വി രാംദാസ്, ഡെപ്യൂട്ടി ഡി എം ഒ ഡോ.എ.ടി മനോജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വിമന്‍, ജി എസ് ടി ജോയിന്റ് കമ്മീഷണര്‍ പി.മധു ആര്‍ ടി ഒ എസ് മനോജ്, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍ എന്നിവര്‍ സംബന്ധിച്ചു...

date