വിര്‍ച്വല്‍ ട്രെയിനിങില്‍ വയനാടന്‍ മാതൃക * പരിശീലനം നല്‍കിയത് 991 പേര്‍ക്ക്
കോവിഡ്-19 രോഗബാധ വ്യാപകമായി റിപോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പരിശീലനം ഓണ്ലൈനാക്കി വയനാട്ടിലെ കൊറോണ പ്രിവന്‍ഷന്‍ വിങ്. കോറോണ വൈറസ് കണ്ട്രോള് ടീമിന്റെ ഭാഗമായ ട്രെയിനിങ് ആന്റ് അവേര്നസ് ജനറേഷന് വിങിന്റെ നേതൃത്വത്തിലാണ് വേറിട്ട പ്രവര്ത്തനം. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് വിര്‍ച്വല്‍ ട്രെയിനിങ് ടീമിന്റെ ഇടപെടല്‍. ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കോവിഡ്-19 അവബോധ പരിശീലനവും സംശയനിവാരണവും ഓണ്ലൈനാക്കുകയെന്ന ആശയത്തിലേക്ക് എത്തിയത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷാണ് മാസ്റ്റര്‍ ട്രെയിനര്‍.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. ഇത്തരം ഗ്രൂപ്പിലേക്ക് അംഗങ്ങളുടെ സമയക്രമം അനുസരിച്ച് അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ മാസ്റ്റര്‍ ട്രെയിനറെ ആഡ് ചെയ്യുകയാണ് പരിശീലനത്തിന്റെ ആദ്യഘട്ടം. ഈ സമയം അംഗങ്ങളെല്ലാം ഓണ്‍ലൈനില്‍ ഉണ്ടായിരിക്കണം. തുടര്ന്ന് കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലവും എടുക്കേണ്ട മുന്കരുതലുകളും മാസ്റ്റര്‍ ട്രെയിനര്‍ ശബ്ദസന്ദേശമായി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. തുടര്ന്ന് അംഗങ്ങള്ക്ക് സംശയങ്ങള്‍ എഴുതി ചോദിക്കാം. ഇതിനുള്ള വിശദീകരണത്തിനു ശേഷം അംഗങ്ങളുടെ സംശയങ്ങള്ക്കെല്ലാം കൃത്യമായി മറുപടി നല്കി ഗ്രൂപ്പില്‍ നിന്ന് എക്സിറ്റ് ആവുകയാണ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ദുരന്തനിവാരണ സേന, നെഹ്റുയുവകേന്ദ്ര വോളന്റിയര്മാര്‍, പള്സ് എമര്ജന്സി മെഡിക്കല്‍ ടീം, റെഡ്ക്രോസ് സൊസൈറ്റി, പഞ്ചായത്ത് പ്രസിഡന്റ്-സെക്രട്ടറിമാര്‍, പാരാലീഗല്‍ വോളന്റിയര്മാര്‍, സാമൂഹികനീതി വകുപ്പിന്റെ സ്കൂള്‍ കൗണ്‍സര്‍മാര്‍, യുവജനസംഘടനകള്‍ തുടങ്ങി നിരവധി വാട്സ്ആപ് ഗ്രൂപ്പുകളിലെ 991 അംഗങ്ങള്ക്ക് ഇതിനകം വിര്‍ച്വല്‍ ട്രെയിനിങ് നല്കിക്കഴിഞ്ഞു.
- Log in to post comments