Skip to main content

കോവിഡ് 19: ജില്ലയിൽ ഒരാൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശയാത്ര കഴിഞ്ഞ് വന്ന ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും അവരുടെ യാത്രവിവരങ്ങൾ കൺട്രോൾ റൂമിലോ അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ ഫോൺ മുഖേന അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 9569 ആയി. വീടുകളിൽ 9525 പേരും ആശുപത്രികളിൽ 44 പേരുമാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (മാർച്ച് 23) 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 പേരെ വിടുതൽ ചെയ്തു. 10 സാമ്പിളുകൾ കൂടി തിങ്കളാഴ്ച (മാർച്ച് 23) പരിശോധനയ്ക്ക് അയച്ചു. 6 സാമ്പിളുകളുടെ ഫലം ലഭിച്ചതിൽ ഒരെണ്ണം പോസ്റ്റീവും അഞ്ച് എണ്ണം നെഗറ്റീവുമാണ്. പരിശോധനയ്ക്ക് അയച്ച 429 സാമ്പിളുകളിൽ 400 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 29 പേരുടെ പരിശോധന ഫലമാണ് ലഭിക്കാനുളളത്.
ജില്ലാ കൺട്രോൾ സെല്ലിലേക്ക് 773 അന്വേഷണങ്ങൾ ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിങ് തുടരുകയാണ്. റെയിൽവേ സ്റ്റേഷനുകളിലെയും പൊതുകേന്ദ്രങ്ങളിലെയും ഹെൽപ്പ് ഡസ്‌ക്കുകളും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടർന്നു വരുന്നു. നിരീക്ഷണ സംവിധാനം പഴുതുകളില്ലാതെ കർശനമാക്കുന്നതിന്റെ ഭാഗമായി വീടുകളിൽ സ്‌ക്വാഡ് പ്രവർത്തനം തുടരുന്നുണ്ട്. കോവിഡ് 19 രോഗബാധയുടെ സാമൂഹ്യ വ്യാപനം മുന്നിൽ കണ്ട് അടിയന്തിര സാഹചര്യം നേരിടുന്നതിനുളള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്.
 

date