ജാഗ്രതയോടെ തീരദേശം; പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതം
കോവിഡ് 19 വൈറസ് ബാധയ്ക്കെതിരെ തീരദേശത്ത് ആരോഗ്യ വകുപ്പും അധികൃതരും അതീവ ജാഗ്രതയിൽ. വീടുകൾ കയറിയിറങ്ങിയുള്ള ആരോഗ്യ ബോധവത്കരണവും നോട്ടീസ് വിതരണവും പ്രതിരോധ മരുന്ന് വിതരണവും ഊർജ്ജിതമാക്കി. തീരദേശത്തെ ആരാധനാലയങ്ങളും കൂട്ട പ്രാർത്ഥന നടക്കുന്ന സ്ഥലങ്ങളും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചതിനാൽ അവ അടച്ചു തുടങ്ങി. മുസ്ലിം പള്ളികളിൽ നിസ്‌കാരം ഒഴിവാക്കി ബാങ്ക് വിളി മാത്രമാക്കി ചുരുക്കി. എടത്തിരിത്തി, കയ്പമംഗലം, പെരിഞ്ഞനം, പഞ്ചായത്തുകളിലെ മഹല്ല്, ജുമാഅത്ത് പള്ളികളിൽ താൽക്കാലികമായി ജുമായും, ജമാത്ത് നിസ്‌കാരങ്ങളും നിർത്തി വെച്ചതായി മഹല്ല് കമ്മിറ്റി അറിയിച്ചു. പൊതുകളിസ്ഥലങ്ങളിൽ രണ്ടാഴ്ചത്തേക്ക് കളി ഒഴിവാക്കണമെന്നും നിർദേശം നൽകി.
വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർക്ക് ഭക്ഷണ സാധനങ്ങൾ അടക്കം ആവശ്യമുള്ള വസ്തുക്കൾ എത്തിച്ചു നൽകുന്നുണ്ട്. പോലീസ് സ്റ്റേഷൻ പരിധികളിൽ മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണവും വ്യാപകമായി നടക്കുന്നുണ്ട്. സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണയേകി കയ്പമംഗലം കാളമുറി ഭാഗത്ത് കടകൾ അടച്ചു തുടങ്ങി. ഏതാനും ചില കടകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നിരിക്കുന്നത്. ചെന്ത്രാപ്പിന്നി ഈസ്റ്റ് ഗ്രാമം വൈറസിനെ പ്രതിരോധിക്കാൻ മാർച്ച് 31 വരെ സ്വയം ക്വാറന്റൈൻ ഇരിക്കാനും തീരുമാനിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും തന്നെ വീടുകളിൽ നിന്ന് പുറത്തുപോകില്ലെന്ന തീരുമാനത്തിലാണ് പ്രദേശവാസികൾ. ഇതിന്റെ ഭാഗമായി ഗ്രാമത്തിന്റെ അതിർത്തികൾ എല്ലാം മാർച്ച് 31 വരെ പ്രതീകാത്മകമായി അടച്ച് വളണ്ടിയർമാരുടെ നിരീക്ഷണത്തിലാക്കി.
പുറത്തുപോകുന്നവരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കും. വിവിധ പഞ്ചായത്തുകളിൽ കൊറോണ പ്രതിരോധമാർഗങ്ങൾ, ശാസ്ത്രീയ ശുചിത്വ പരിപാലനം എന്നിവയിൽ ബോധവത്കരണവും പരിശീലനവും നൽകി. എല്ലാ ദിവസവും വാർഡ് കമ്മിറ്റികൾ കൂടി അതത് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തും. വാർഡുതല സമിതികളുടെ നേതൃത്വത്തിലാണ് രോഗപ്രതിരോധ സന്ദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നത്. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഹെൽപ്പ് ഡെസ്‌കുകൾ സജീവമാണ്. വയോജനങ്ങൾക്ക് പ്രാദേശിക പാലിയേറ്റീവ് കെയർ എന്ന സംവിധാനത്തിലൂടെ പ്രത്യേക ബോധവൽക്കരണവും നടത്തുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനമൈത്രി പോലീസും രംഗത്തുണ്ട്. മതിലകം ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിൽ
ജനങ്ങൾ കൂട്ടംമായി നിൽക്കുന്ന കടകൾ, ആരാധനാലയങ്ങൾ, മെഡിക്കൽ സ്റ്റോർ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് 19 വൈറസ് തടയുന്നതിന് വേണ്ട ബോധവൽക്കരണം നടത്തി. ഒറ്റപ്പെട്ടു താമസിക്കുന്ന വ്യക്തികളെ കണ്ട് അവരുടെ ആരോഗ്യ കാര്യങ്ങൾ അന്വേഷിച്ച് അവർക്ക് വേണ്ട ബോധവൽക്കരണവും നൽകി. കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദ്ദേശപ്രകാരം പഞ്ചായത്തുകളിൽ രോഗപ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു തുടങ്ങി. ഹോമിയോ ആയുർവേദ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് പ്രത്യേക നിർദ്ദേശങ്ങളോടെ മരുന്ന് വീടുകൾ തോറും കയറിയിറങ്ങി വിതരണം ചെയ്യുന്നത്. കയ്പമംഗലം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ സജീവമാണ്.
കൊടുങ്ങല്ലൂർ മേഖലയിൽ ഭരണിയോടനുബന്ധിച്ച് 144 കൂടി പ്രഖ്യാപിച്ചതോടെ നഗരവും പ്രാന്തപ്രദേശങ്ങളും ഏകദേശം വിജനമാണ്. ചില്ലറ വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. ബസ്സുകളുൾപ്പടെയുള്ള യാത്ര സംവിധാനങ്ങളും ഭാഗികമായാണ് പ്രവർത്തനം. ആളുകൾ സ്വകാര്യ വാഹനങ്ങളെയാണ് മാത്രമാണ് ആശ്രയിക്കുന്നത്. ദീർഘദൂര സർവീസുകളും കുറഞ്ഞു.
കൊടുങ്ങല്ലൂർ നഗരസഭ ബസ്സ്റ്റാൻഡ് പരിസരത്ത് പ്രദേശത്തും കൊടുങ്ങല്ലൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ലഘുലേഖ നോട്ടീസ് വിതരണവും ബോധവൽക്കരണവും സാനിറ്റൈസർ വിതരണവും നടത്തി. താലൂക്കാശുപത്രി പരിസരവും നഗരവും ശുചീകരിക്കുന്ന പ്രക്രിയയും നടക്കുന്നുണ്ട്. താലൂക്കാശുപത്രിയിലെ പുതിയ കെട്ടിടത്തിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കാൻ വേണ്ട നടപടികളും പുരോഗമിക്കുന്നുണ്ട്. ആൾക്കൂട്ടത്തെ ഒഴിവാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ കോട്ടപ്പുറം മാർക്കറ്റിനും നഗരസഭ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
- Log in to post comments