കോവിഡ് 19: കർഷകർക്കുള്ള മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്
കോവിഡ് 19 തടയുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് കർഷകർക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അടിയന്തര സാഹചര്യങ്ങളിലല്ലതെ മൃഗങ്ങളെ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവരരുത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വെറ്റിനറി ഡോക്ടറെ /ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറെ നിങ്ങളുടെ വീട്ടിലേക്ക് വിളിക്കുക. പക്ഷിമൃഗാദികൾക്ക് രോഗാവസ്ഥയുണ്ടെങ്കിൽ വെറ്റിനറി ഡോക്ടറെയോ മറ്റു ഉദ്യോഗസ്ഥരെയോ ഫോണിൽ ബന്ധപ്പെട്ട ശേഷം തുടർനടപടികൾ സ്വീകരിക്കുക. മൃഗാശുപത്രികളിലും സബ് സെന്ററുകളിലും ഉദ്യോഗസ്ഥരുടെ ടെലിഫോൺ നമ്പറുകൾ എഴുതി പ്രദർശിപ്പിക്കുന്നതാണ്. പ്രതിരോധ കുത്തിവയ്പ്പുകൾ, പൊതുവായുള്ള ആരോഗ്യ പരിശോധന, കൃത്രിമ ബീജാധാനം, ഗർഭ പരിശോധന, അടിയന്തര പ്രധാനമല്ലാത്ത സേവനങ്ങൾ, തുടങ്ങിയവ കൊറോണ ഭീതി മാറുന്നത് വരെ നീട്ടി വയ്ക്കുവാൻ ശ്രദ്ധിക്കുക, ജലദോഷം, തുമ്മൽ രോഗലക്ഷണങ്ങളുള്ളവരും കൊറോണ രോഗികളുമായി അടുത്ത് ഇടപഴകിയവരും സമീപകാലത്ത് വിദേശങ്ങളിൽ നിന്നും വന്നവരും വീട്ടിൽ തന്നെ ഇരിക്കുവാൻ ശ്രദ്ധിക്കുക, ഫാമുകൾ / തൊഴുത്ത് എന്നിവ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക, മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും കൈകൾ സോപ് ഉപയോഗിച്ച് വൃത്തിയാക്കുക, പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക, രോഗനിയന്ത്രണത്തിനുള്ള സർക്കാർ നിർദേശങ്ങൾ ശ്രദ്ധിക്കണം. വളർത്ത് പക്ഷി മൃഗാദികളുടെ അടിയന്തര ആവശ്യങ്ങൾക്ക് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു.
- Log in to post comments