Skip to main content

ഹോട്ടലുകളില്‍ ഭക്ഷണപൊതി വാഹനങ്ങള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിയന്ത്രണം

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പരമാവധി ഹോട്ടലുകളില്‍ നിന്ന് ഭക്ഷണപൊതികള്‍ നല്‍കണം. ഭക്ഷണം പൊതിയാന്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അതത് പ്രദേശങ്ങളിലെ തുറന്ന് പ്രവര്‍ത്തിക്കേണ്ട ഹോട്ടലുകലുടെ ലിസ്റ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി നല്‍കണം. ആളുകള്‍ ഇല്ലാത്തതിനാല്‍ ഹോട്ടലുകള്‍ പൂര്‍ണ്ണമായും അങ്ങാടികളില്‍ അടച്ചിടുന്ന പ്രവണത ഒഴിവാക്കാനാണ് ദിവസങ്ങള്‍ ഇടവിട്ട് തുറക്കേണ്ട ഹോട്ടലുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്.

റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും പുതിയ താമസക്കാരെ അനുവദിക്കരുതെന്ന് റിസോര്‍ട്ട് ഹോട്ടല്‍ ഉടമസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമായി നിലവില്‍ താമസിക്കുന്ന അന്യ ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളെ അതത് പ്രദേശങ്ങളിലേക്ക് തിരിച്ച് അയക്കണം. ഇതിനായി  അതിര്‍ത്തി വരെ എത്തിക്കുന്നതിന് ടൂറിസ്റ്റ് ടാക്‌സികളുടെ സേവനം തേടാം. മറ്റു ജില്ലകളില്‍ നിന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം  നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ജില്ലയിലെ വിവിധ റിസോര്‍ട്ടുകളിലായി താമസിക്കാനെത്തുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കുടക്, മൈസൂര്‍, നീലഗിരി എന്നിവിടങ്ങളിലേക്ക് ജില്ലയില്‍ നിന്നുള്ള വാഹനങ്ങള്‍ കര്‍ശനമായി നിരോധിച്ച സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്തുന്നവര്‍ക്ക് അതിര്‍ത്തി വരെ മാത്രമാണ് വാഹന സംവിധാനം ലഭ്യമാകുന്നത്. അതിര്‍ത്തിയില്‍ നിന്ന് ഇത്തരത്തില്‍ എത്തുന്ന യാത്രക്കാരെ  വീടുകളില്‍ എത്തിക്കുന്നതിന് ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങളുടെ സേവനം ആവശ്യപ്പെട്ടു. ഇങ്ങനെ എത്തുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍  സ്വീകരിക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ച് ബോധവത്കരണം നല്‍കും.  ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംഘടനകളുടെയും സംരംഭകരുടെയും യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, എ.ഡി.എം തങ്കച്ചന്‍ ആന്റണി, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, മുഹമ്മദ് യൂസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.
 

date