Skip to main content

കോവിഡ് 19: അഗതികൾക്ക് ആശ്രയം ഒരുക്കി കോർപ്പറേഷൻ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരപരിധിയിൽ കിടക്കാൻ സ്ഥലം ഇല്ലാതെ അലഞ്ഞുതിരിയുന്ന അഗതികൾക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കും സുരക്ഷിത സ്ഥാനം ഒരുക്കി തൃശൂർ കോർപ്പറേഷന്റെ മാതൃക പ്രവർത്തനം. തൃശൂർ ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിലാണ് ഏതാണ്ട് ഇരുന്നൂറോളം വരുന്ന അഗതികളെ പാർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നിർദ്ദേശപ്രകാരമാണിത്. കോർപ്പറേഷൻ മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ റാഫി ജോസ്, ഡെപ്യൂട്ടി കളക്ടർ എം ബി ഗിരീഷ് കുമാർ, ഡിപിഎം ഡോ. സതീശൻ ടി വി എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ പരിസരം വൃത്തിയാക്കി ക്ലാസ്മുറികൾ ശുചീകരിച്ചു അഗതികളെ പ്രവേശിപ്പിച്ചത്.
ഇവർക്ക് ആവശ്യമായ ഭക്ഷണവും ചികിത്സിക്കാൻ ഡോക്ടർമാരും മരുന്നും ഇവിടെത്തന്നെ ഒരുക്കും. കർഫ്യൂ കാലാവധി കഴിയുന്നതുവരെ ഇവിടെ സുരക്ഷിതമായി താമസിക്കുന്നവർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്ന് മേയർ അജിത ജയരാജൻ പറഞ്ഞു.
ആവശ്യമായ ഭക്ഷണം ഒരുക്കാൻ കുടുംബശ്രീയെയും സന്നദ്ധ സംഘടനകളെയും സ്വകാര്യ വ്യക്തികളെയും ഏർപ്പെടുത്തുമെന്നും മേയർ അറിയിച്ചു. ഇപ്പോൾ അവർക്കുള്ള ഭക്ഷണം വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് എത്തിക്കുന്നതെന്ന് മേയർ പറഞ്ഞു.അംഗസംഖ്യ വർധിച്ചു വരുന്ന സാഹചര്യത്തിലും അവർക്കാവശ്യമുള്ള കിടപ്പാടവും ഭക്ഷണവും ഒരുക്കും.

date