Skip to main content

കാർഷിക മേഖലക്ക് മുൻതൂക്കം നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാക്കനാട് : സമഗ്ര കാർഷിക വികസന പദ്ധതികൾക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്. ഭവന നിർമ്മാണ പദ്ധതിക്കായി 14 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 
2020-21 വർഷത്തെ പ്രതീക്ഷിക്കുന്ന വരവ് തുക 180,46,16,470 രൂപയും പ്രതീക്ഷിക്കുന്ന ചെലവ് തുക 178, 09, 61, 106 രൂപയും നീക്കി ബാക്കി തുക 2, 36,55, 364 രൂപയും ആയ ബജറ്റാണ് അവതരിപ്പിച്ചത്. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർഫ്യൂ നിലനിൽക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചായിരുന്നു ബജറ്റ് അവതരണം. വൈസ്.പ്രസിഡൻ്റ് അബ്ദുൾ മുത്തലിബ് ആണ് ബജറ്റ് അവതരിപ്പിച്ചത്. 
നേര്യമംഗലത്തെ ജില്ലാ കൃഷിത്തോട്ടത്തിന് ഒരു കോടി രൂപയും പൊതുമരാമത്ത് ജോലികൾക്കായി 74 കോടി 60 ലക്ഷം രൂപയും മാറ്റിവച്ചു. ഡയാലിസിസ് രോഗികൾക്കും ഹീമോഫീലിയ രോഗികൾക്കും ബജറ്റിൽ തുക മാറ്റിവച്ചു.

ആലുവയിലും ഒക്കലിലും പ്രവർത്തിക്കുന്ന വിത്ത് ഉല്പാദന കേന്ദ്രങ്ങൾക്ക് 50 ലക്ഷം രൂപ വീതം കാർഷിക വികസന പ്രവർത്തനങ്ങൾക്കായി ബജറ്റിൽ വകയിരുത്തി. വൈറ്റിലയിലെ തെങ്ങ് നഴ്സറി ഫാമിനും 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നെൽകൃഷി വികസനത്തിനായി രണ്ട് കോടി രൂപയാണ് മാറ്റി വച്ചത്. കാർഷിക മേഖലയിലെ യന്ത്രവൽകരണത്തിന് ഒരു കോടി രൂപയും കൈത്തറി മേഖലക്ക് 10 ലക്ഷം രൂപയുമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 
പ്രിയദർശിനി ഓഡിറ്റോറിയത്തിൻ്റെ ശീതീകരണത്തിനായി 25 ലക്ഷം രൂപയും പൊതു കുടിവെള്ള പദ്ധതികളുടെ സ്ഥാപിക്കലിനും പരിപാലനത്തിനുമായി രണ്ട് കോടി രൂപയും ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. 
പെരിയാർ മേൽപ്പാല നടപ്പാത പദ്ധതി (50 ലക്ഷം), മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി സ്കോളർഷിപ്പ് ( 2 കോടി), വൃദ്ധസദനങ്ങൾക്കും അനാഥാലയങ്ങൾക്കും സഹായഹസ്ത പദ്ധതി ( ഒരു കോടി), വിദ്യാലയങ്ങളുടെ അറ്റകുറ്റപണികൾ (ആറ് കോടി 75 ലക്ഷം), ആലുവ ജില്ലാ ആശുപത്രി പ്രത്യേക വികസന പദ്ധതി ( ഒരു കോടി) , വനിതാ സുരക്ഷാ പദ്ധതി (40 ലക്ഷം) , പട്ടികജാതി വിദ്യാർത്ഥികൾക്കായി പഠന മുറി പൂർത്തീകരണ പദ്ധതി ( 2 കോടി) എന്നിവക്കും ബജറ്റിൽ തുക വകയിരുത്തി. വികസനം, പൊതുമരാമത്ത് , സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യമേഖല, വനിതാ മേഖലാ , പട്ടികജാതി-പട്ടിക വർഗ്ഗ മേഖല തുടങ്ങിയ മേഖലകളെയും ഉൾപ്പെടുത്തിയുള്ള സമഗ്ര വികസന പ്രവർത്തനങ്ങളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

date