കോൾപാടങ്ങൾ ഏപ്രിൽ 15 ന് മുമ്പ് കൊയ്യും
ജില്ലയിലെ കൊയ്യാൻ പാകമായ കോൾപാടങ്ങളിലെ നെല്ല് ഏപ്രിൽ 15 ന് മുമ്പ് കൊയ്തെടുത്ത് മില്ലുകളിലേക്ക് മാറ്റാൻ തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പൊന്നാനി-തൃശൂർ കോൾ മേഖലയിൽ 10700 ഹെക്ടർ പ്രദേശത്താണ് നെല്ല് കൃഷിയുളളത്. ഇതിൽ 3600 ഹെക്ടർ പ്രദേശം കൊയ്തെടുത്ത് കഴിഞ്ഞു. 5800 ഹെക്ടർ ആണ് ഇനി കൊയ്യാനുളളത്. ഏപ്രിൽ 15 നകം ഇത്രയും പ്രദേശത്തെ നെല്ല് കൊയ്തെടുക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ 50 കമ്പയിൻഡ് ഹാർവസ്റ്ററുകൾ (കൊയ്ത്ത് യന്ത്രങ്ങൾ) ഇതിനായി പാടശേഖരങ്ങളിലെത്തിക്കും. ഇപ്പോൾ തന്നെ 48 യന്ത്രങ്ങളും 5 മെക്കാനിക്കുകളെയും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമേ ഏതാനും പാടശേഖരസമിതികൾ സ്വന്തം നിലയിലും കൊയ്ത്ത് യന്ത്രം സജ്ജമാക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി അടിയന്തര സാഹചര്യം പരിഗണിച്ച് രാവിലെ 9 മുതൽ വൈകീട്ട് 8 മണി വരെ കൊയ്ത്ത് നടത്തും. കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് യന്ത്രങ്ങളിലെ ഡ്രൈവർമാരും സഹായികളും ശുചിത്വം പാലിച്ചായിരിക്കും ജോലി ചെയ്യുക. ഇവർക്കാവശ്യമായ ഭക്ഷണം, താമസം എന്നിവ ഉറപ്പാക്കും. കൊയ്ത്ത് യന്ത്രങ്ങൾക്കാവശ്യമായ ഇന്ധനമെത്തിക്കുന്നതിന് പ്രത്യേക പാസുകൾ അനുവദിക്കും. 400 ഹെക്ടർ പ്രദേശത്തെ നെല്ല് കൊയ്ത്ത് വച്ചിട്ടുണ്ടെങ്കിലും മില്ലിലേക്ക് മാറ്റിയിട്ടില്ല. നെല്ല് സംഭരണത്തിന് സപ്ലൈകോയുമായി കരാർ ഒപ്പിട്ട മില്ല് കോവിഡ് വ്യാപനത്തെതുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചതിനാൽ ഇവരുമായുളള കരാർ റദ്ദാക്കി സംഭരണ ചുമതല മറ്റ് മില്ലുകളെ എൽപിക്കാൻ സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്. നാലുദിവസത്തിനുളളിൽ കൊയ്തെടുത്ത നെല്ല് മില്ലുകളിലേക്ക് മാറ്റും. ഇനി കൊയ്യാനുളള നെല്ലും സപ്ലൈകോ സംഭരണ ചുമതലയുളള മില്ലുകൾക്ക് ഉടനെ കൈമാറും. മഴയോ മറ്റു അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ നെല്ല് സംഭരണത്തിന് തദ്ദേശസ്ഥാപനങ്ങളും കൃഷി വകുപ്പും ബദൽ ക്രമീകരണം ഉണ്ടാക്കും. അത്തരം സാഹചര്യത്തിൽ പ്രാദേശികമായി കണ്ടെത്തുന്ന സ്കൂളുകളിലോ ഹാളുകളിലോ നെല്ല് സംഭരിക്കും. മില്ലുകളിലേക്കുളള നെല്ല് കയറ്റിയിറക്കുന്നതിന് തൊഴിലാളികളെ ലഭിക്കാൻ പ്രയാസം നേരിട്ടാൽ ജില്ലാ ഭരണകൂടം പ്രത്യേക സംവിധാനം ഒരുക്കും. അമിത കയറ്റുകൂലി ഈടാക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധയും ഉണ്ടാക്കും. കൊയ്ത്ത് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് അഗ്രോ ഇൻഡ്സ്ട്രീസ് കോർപ്പറേഷനുമായി പാടശേഖരസമിതികൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം. സുരേഷ് കുമാർ, ഡിവിഷണൽ എഞ്ചിനീയർ-9495014073, വിനോദ്-9895206992, ഫ്രാൻസിസ്-7012118317, ഷിനിൽ-9744942724, പ്രമോദ്-9946541138, രാമചന്ദ്രൻ-9447436728, മഹേഷ്-9745644340.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മുരളി പെരുനെല്ലി എംഎൽഎ, ജില്ലാ കളക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments