Skip to main content

എട്ടാമത് സഹകരണ കോണ്‍ഗ്രസിന്  പ്രൗഢോജ്വല തുടക്കം     

വൈവിധ്യങ്ങളിലൂടെ മുന്നോട്ട് എന്ന പ്രമേയവുമായി എട്ടാമത് സഹകരണ കോണ്‍ഗ്രസിന് പ്രഢോജ്വല തുടക്കം. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ താങ്ങും തണലുമായി മുന്നേറുന്ന സഹകരണ പ്രസ്ഥാനം, പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച് മുന്നോട്ടു കുതിക്കുമെന്ന പ്രഖ്യാപനമായി മാറി മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സഹകരണ കോണ്‍ഗ്രസ്. നോട്ടുനിരോധനവും അതുവഴി സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തന്നെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും സഹകരണ പ്രസ്ഥാനത്തെ തളര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സമ്മേളനമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 
    കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൈക്കൊള്ളാന്‍ സഹകരണ പ്രസ്ഥാനം തയ്യാറാവണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ നയ രൂപീകരണം മുഖ്യ അജണ്ടയായി ചേര്‍ന്ന സഹകരണ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. 
ചടങ്ങില്‍ സഹകരണം-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തുറമുഖ വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, റവന്യൂ വകുപ്പുമന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. തമിഴ്‌നാട് സഹകരണ വകുപ്പ് മന്ത്രി സെല്ലൂര്‍ കെ രാജു, പുതുച്ചേരി സഹകരണ വകുപ്പ് മന്ത്രി എം കന്തസ്വാമി എന്നിവര്‍ മുഖ്യാതിഥികളായി. എം.പിമാരായ പി.കെ ശ്രീമതി ടീച്ചര്‍, കെ.കെ രാഗേഷ്, പുതുശ്ശേരി ഡെപ്യൂട്ടി സ്പീക്കര്‍ വി.പി ശിവകൊളുന്ത്, സംസ്ഥാന സഹകരണ യൂനിയന്‍ കണ്‍വീനര്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, കാനം രാജേന്ദ്രന്‍, പി ജയരാജന്‍, പാട്യം രാജന്‍, പി വോണുഗോപാല്‍, എസ്.എം നരസിംഹസ്വാമി, ഇ ദേവദാസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇ.പി ജയരാജന്‍ എം.എല്‍.എ സ്വാഗതവും സഹകരണ സംഘം രജിസ്ട്രാര്‍ ഡി സജിത്ത് ബാബു നന്ദിയും പറഞ്ഞു. 
    തുടര്‍ന്ന് നടന്ന ദക്ഷിണേന്ത്യന്‍ സഹകരണ മന്ത്രിമാരുടെ സൗഹൃദസമ്മേളനത്തില്‍ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ സംസ്ഥാന സഹകരണ മന്ത്രിമാര്‍ സംബന്ധിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ കേരള സംസ്ഥാന സഹകരണനയം സംബന്ധിച്ച കരട് രേഖ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിച്ചു. ഇ.പി ജയരാജന്‍ മോഡറേറ്ററായി നടന്ന ചര്‍ച്ചയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. 
    സഹകരണ നേതാക്കള്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. 
    ഇന്ന് (ഫെബ്രുവരി 11) രാവിലെ 9.30ന് നടക്കുന്ന ദേശീയ സെമിനാറില്‍ ഏഴ് വിഷയങ്ങളെ അധികരിച്ച് വിവിധ മേഖലകളിലെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സഹകരണ കോണ്‍ഗ്രസില്‍ 14 ജില്ലകളില്‍ നിന്നുള്ള 3000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 12ന് കോണ്‍ഗ്രസ് സമാപിക്കും. 

 

date