Skip to main content

അടൂരില്‍ ഹെല്‍ത്ത് സാനിറ്റൈസേഷന്‍ കമ്മിറ്റികള്‍  ശക്തമാക്കും: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ

 

        

അടൂര്‍ സ്വദേശിക്ക് കോവിഡ് 19 പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഹെല്‍ത്ത് സാനിറ്റൈസേഷന്‍ കമ്മിറ്റികള്‍ ശക്തമാക്കുമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ആര്‍.ഡി.ഒ. ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വാര്‍ഡിലും അയല്‍ക്കൂട്ട സമിതിയെ ചുമതലപ്പെടുത്തി നിരീക്ഷണം ശക്തമാക്കും. വാര്‍ഡ്തല വിജിലന്‍സ് കമ്മിറ്റി വീടുകളില്‍ കഴിയുന്നവരെ അവിടെതന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കും. അടൂര്‍ നഗരസഭയില്‍ നാലു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഏഴു വാര്‍ഡുകള്‍ വീതം പ്രത്യേക ചുമതല നിര്‍വഹിക്കും. ഇവരുടെ മേല്‍നോട്ട ചുമതല നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വിനോദ്, പുഷ്പകുമാര്‍ എന്നിവര്‍ വഹിക്കും. ഏനാദിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ എട്ട് ജെ.പി.എച്ച്.എന്‍മാര്‍ക്ക് അടൂര്‍ നഗരസഭയിലെ വാര്‍ഡുകളില്‍ പ്രത്യേകചുമതല നല്‍കിയിട്ടുണ്ട്. പോലീസും എല്ലാ ദിവസവും പെട്രോളിംഗ് നടത്തുമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. 

ആര്‍.ഡി.ഒ: പി.ടി.എബ്രഹാം, അടൂര്‍ നഗരസഭ പ്രതിനിധികള്‍, ഏനാദിമംഗലം, പള്ളിക്കല്‍, ഏറത്ത്, ഏഴംകുളം എന്നീ പി.എച്ച്.സികളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date