ഇതുവരെ 17 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു
വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുകറങ്ങിനടന്നതിന് ഉള്‍പ്പെടെ ജില്ലയില്‍ ഇതേവരെ കൊറോണയുമായി ബന്ധപ്പെട്ട് 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഈ മാസം 13 മുതല്‍ 23 വരെ എടുത്ത കേസുകളാണിത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞുവന്നിരുന്ന ഒരാളും വീടുകളില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 21 പേര്‍ പുറത്തു കറങ്ങിനടന്നതിനു 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയത്തിന് ഒരു കേസും കൂട്ടംകൂടാന്‍ പാടില്ലെന്ന നിര്‍ദേശം ലംഘിച്ച് റോഡ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസും കൊറോണ രോഗം സ്ഥിരീകരിച്ചു എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് മൂന്നു കേസുകളും രജിസ്റ്റര്‍ ചെയ്തു. കൂടാതെ യാതൊരുവിവരവും തരാതെ അമേരിക്കയിലേക്കു പോയ രണ്ടുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
കൊറോണ രോഗബാധ തടയുന്നതു ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാരും ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളും പുറപ്പെടുവിച്ച മുഴുവന്‍ നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതിന് ജില്ലാ പോലീസ് ശക്തമായ നടപടികള്‍ കൈക്കൊണ്ടു വരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലയിലെ മുഴുവന്‍ പോലീസിനെയും മൊബിലൈസ് ചെയ്തുകഴിഞ്ഞു. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് കോവിഡ് 19 പ്രതിരോധനടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ പോലീസ് ആസ്ഥാനത്ത് നോഡല്‍ ഓഫീസറായി പത്തനംതിട്ട ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍.ജോസിനെ നിയമിച്ചു.
ജനമൈത്രി പോലീസിനെ പ്രയോജനപ്പെടുത്തി വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരുന്നവര്‍ പുറത്തിറങ്ങി നടക്കുന്നതും മറ്റും തടയുന്നതിനും ഇത്തരക്കാരെ കണ്ടെത്തി തുടര്‍ ചികിത്സ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുമായി ഇടകലരുന്നത് ഒഴിവാക്കുന്നതിനും ജനമൈത്രി ബീറ്റ് ഓഫീസര്‍മാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ളവെ ബോധവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബീറ്റ് ഓഫീസര്‍മാര്‍ നടത്തുന്നുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ക്കൊപ്പം ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെടുന്നുണ്ട്.
കോവിഡ് 19 പ്രതിരോധനടപടികള്‍ ജനമൈത്രി പോലീസിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ നോഡല്‍ ഓഫീസറായ സി ബ്രാഞ്ച് ഡി.വൈ.എസ്സ്സ്.പി: ആര്‍.സുധാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചു വരുന്നു. വാഹനങ്ങള്‍ പരിശോധിക്കുന്നതില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കൊപ്പം ജില്ലാ പോലീസും കാര്യക്ഷമമായി പങ്കെടുക്കുന്നുണ്ട്.
- Log in to post comments