Skip to main content

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക്  അവശ്യസാധനങ്ങളെത്തിച്ച് ഗ്രാമപഞ്ചായത്തുകള്‍ 

 

കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വിവിധ ഗ്രാമപഞ്ചായത്തുകള്‍  238 കുടുംബങ്ങളിലെ 636 പേര്‍ക്ക് അവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റ് എത്തിച്ചു നല്‍കി. അരി, പഞ്ചസാര, കുടിവെള്ളം, സോപ്പ്, സോപ്പുപൊടി എന്നിവയുള്‍പ്പെട്ട കിറ്റാണ് നല്‍കുന്നത്. മരുന്ന് ഒഴികെയുള്ള അവശ്യസാധനങ്ങള്‍ നിരീക്ഷണത്തിലുള്ളവരുടെ ആവശ്യപ്രകാരം ലഭ്യതയ്ക്കനുസരിച്ച് പഞ്ചായത്തുകള്‍ എത്തിച്ചു നല്‍കുന്നുണ്ട്. 

മരുന്നുകള്‍ പോലെയുള്ള അവശ്യവസ്തുക്കള്‍ എത്തിക്കുന്നത് ആരോഗ്യവകുപ്പ് ജീവനക്കാരാണ്. കൂടാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി സന്നദ്ധ സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും നല്‍കുന്ന അവശ്യസാധനങ്ങള്‍ ജില്ലാഭരണകൂടം ശേഖരിച്ചും ഗ്രാമപഞ്ചായത്തുകള്‍ മുഖേന വിതരണം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഇന്നലെവരെ (മാര്‍ച്ച് 23) 261 കുടുംബങ്ങള്‍ക്കാണ് ജില്ലാഭരണകൂടം അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കിയത്. ദിവസങ്ങളോളം ഉപയോഗിക്കാവുന്ന കിറ്റ് രൂപത്തിലാണു സാധനങ്ങള്‍ എത്തിക്കുന്നത്. കൂടാതെ നിരീക്ഷണത്തിലുള്ളവരുടെ ആവശ്യപ്രകാരം ഗ്രാമപഞ്ചായത്തുകള്‍ പാചകവാതക സിലിണ്ടറുകളും എത്തിച്ചു നല്‍കുന്നുണ്ട്.

date