അടൂര്‍ ജനറല്‍ ആശുപത്രിയിലെ ലാബ് വികസിപ്പിക്കുന്നതിന് 70 ലക്ഷം രൂപ അനുവദിച്ചു: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ
അടൂര്‍ ജനറല്‍ ആശുപത്രിയിലെ ലാബിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 70 ലക്ഷം രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിയുടെ സുസ്ഥിര വികസനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആരോഗ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചതിനാല്‍ കാഷ്വാലിറ്റിയില്‍ 24 മണിക്കൂറും രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. ഫ്രീസര്‍ മോര്‍ച്ചറി തയാറാക്കുന്നതിനുള്ള നടപടി പൂര്‍ത്തീകരിച്ചു വരുന്നതായും എംഎല്‍എ പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനി ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ജി. പ്രസാദ്, അയ്യൂബ് കുരുവിള, എം. താജുദ്ദീന്‍, സിന്ധു തുളസീധരകുറുപ്പ്, ജി. ഷൈനി, ശോഭ തോമസ്, ഗീത തങ്കപ്പന്‍, മറിയാമ്മ ജേക്കബ്, ആശുപത്രി വികസന സമിതി അംഗങ്ങളായ പി.ബി. ഹര്‍ഷകുമാര്‍, സജു മിഖായേല്‍, ഡി.സജി, അടൂര്‍ ജയന്‍, അടൂര്‍ നരേന്ദ്രന്‍, പി.ഡി. ബൈജു, എം.ജി. കൃഷ്ണകുമാര്‍, ആര്‍. സനല്‍കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ.വി. സരസ്വതിയമ്മ, ഡോ. ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡയാലിസിസ് സംവിധാനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തന സജ്ജമാകുമെന്നും തുണി അലക്കുന്ന യന്ത്രം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, എക്സ്റേ യൂണിറ്റ് എന്നിവയും പ്രവര്‍ത്തനമാരംഭിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
രണ്ട് കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെ വാര്‍ഡിലെ പഴയ ലേബര്‍ റൂം കെട്ടിടത്തില്‍ ശീതീകരിച്ച മുറിയില്‍ ഏഴ് മെഷിനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു ദിവസം രണ്ട് ഷിഫ്റ്റുകളിലായി 14 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമുണ്ട്.
- Log in to post comments