Skip to main content
Passing out parade of Students Police Cadets held at Pathanamthitta

എസിപിസി കേഡറ്റുകളുടെ ഉജ്ജ്വല പാസിംഗ് ഔട്ട് പരേഡ് 

ജില്ലയിലെ 22 സ്‌കൂളുകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 968 സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ(എസ്പിസി) ഉജ്ജ്വല പാസിംഗ് ഔട്ട് പരേഡ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്നു. ഐജിയും എസ്പിസി പിഎംഎന്‍സി മെമ്പറുമായ പി. വിജയന്‍ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ തലത്തില്‍ എസ്പിസി കേഡറ്റുകളുടെ പാസിംഗ്ഔട്ട് പരേഡ് പത്തനംതിട്ടയില്‍ നടന്നതെന്നും ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരബോധം, ലക്ഷ്യബോധം, ഉത്തരവാദിത്വബോധം, കാര്യശേഷി, സേവന സന്നദ്ധത, സാമൂഹിക പ്രതിബദ്ധത എന്നിവ ആര്‍ജിച്ച് നിയമം സ്വമേധയാ അനുസരിക്കുകകയും സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന യുവജനതയെ വാര്‍ത്തെടുക്കുന്നതിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹൈസ്‌കൂള്‍/ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ നടപ്പാക്കിയിട്ടുള്ള സമഗ്ര പരിശീലന സംരംഭമാണ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്(എസ്പിസി) പദ്ധതി. 
    പാസിംഗ് ഔട്ട് പരേഡില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മികച്ച പ്ലാന്റൂണിനുള്ള ഒന്നാം സ്ഥാനം പത്തനംതിട്ട ഗവണ്‍മെന്റ് എച്ച്എസ്എസും രണ്ടാം സ്ഥാനം അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസ്എസും നേടി. എച്ച് എസ് വിഭാഗത്തില്‍ വിഎച്ച്എസ് ഫോര്‍ ഗേള്‍സ് കടമ്പനാട് ഒന്നാം സ്ഥാനം നേടി. മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസ് രണ്ടാംസ്ഥാനവും കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എസ്പിസി ബാന്‍ഡിന്റെ മികച്ച പ്രകടനം പാസിംഗ് ഔട്ട് പരേഡിനെ മികവുറ്റതാക്കി. 
    മികച്ച സേവനം നടത്തുന്ന സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. ജഗദീഷ്, തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖരപിള്ള, അസിസ്റ്റന്റ് കമ്മീഷണര്‍ എം.എ. നസീര്‍, സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ് മീറ്റില്‍ സ്വര്‍ണവും ദേശീയ മീറ്റില്‍ വെള്ളിയും നേടിയ പുല്ലാട് എസ് വി എച്ച്എസിലെ ഭരത് രാജ്, മികച്ച കുട്ടി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ മല്ലപ്പള്ളി സിഎംഎസ് എച്ച്എസിലെ ഷിദിന്‍ ചാക്കോ എന്നിവരെ ചടങ്ങില്‍ മുഖ്യാതിഥി ഐജി പി. വിജയന്‍ ആദരിച്ചു. 
    ജില്ലാ പോലീസ് മേധാവി ജേക്കബ് ജോബ്, എസ്പിസി ജില്ലാ നോഡല്‍ ഓഫീസറും ഡിവൈഎസ്പിയുമായ ആര്‍. പ്രദീപ് കുമാര്‍, എഎസ്എന്‍ഒ അജിത് കുമാര്‍, കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ബി.ഹരി, അധ്യാപകരായ പി.ആര്‍. ഗിരീഷ്, ജോസഫ് ശങ്കരത്തില്‍, ജി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

date