സി.ആര്.പി.എഫ് ജവാന് ഔദ്യോഗിക ബഹുമതികളോടെ വിടയേകി
.
ശ്രീനഗറില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ച സി.ആര്.പി.എഫ്. ജവാന് വെള്ളിലാങ്കണ്ടം പുത്തന്‍പുരയ്ക്കല്‍ പി.കെ.സിജുവിന് (37) ഔദ്യോഗിക ബഹുമതികളോടെ ജന്മനാട് വിട നല്കി.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ക്യാംപില്‍ ഗുജറാത്ത് സ്വദേശിയായ സഹപ്രവര്‍ത്തകന്റെ വെടിയേറ്റാണ് ഷിജു മരിച്ചത്. ബുധനാഴ്ച ഡല്‍ഹി വഴി വായൂസേനയുടെ പ്രത്യേക വിമാന മാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം പളളിപ്പുറം ക്യാമ്പ് സുബേദാര്‍ മേജര്‍ വഞ്ചയകുമാറിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 3.3 ഓടെ വീട്ടിലെത്തിച്ചു. മതാചാര കര്‍മ്മങ്ങള്‍ക്കു ശേഷം കട്ടപ്പന ഡിവൈഎസ്പി എന്‍.സി.രാജ്മോഹന്റെ നേതൃത്വത്തില്‍ പോലീസും, സുബേദാറിന്റെ നേതൃത്വത്തില്‍ സൈന്യവും ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. റോഷി അഗസ്റ്റിന് എം.എല്‍.എ, സംസ്ഥാന സര്‍ക്കാരിനു വേണ്ടി എഡിഎം ആന്റണി സ്കറിയ, ജില്ലാ ഭരണകൂടത്തിനു വേണ്ടി ഇടുക്കി തഹസീല്‍ദാര്‍ വിന്‍സന്റ് ജോസഫ് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. 11.30 ഓടെ സംസ്ക്കാര ചടങ്ങുകള്‍ അവസാനിച്ചു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാഞ്ചിയാര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.എബിന്.പി. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും, പോലീസും, റവന്യൂ ഉദ്യോഗസ്ഥരും നിയമപ്രകാരമുള്ള നിയന്ത്രണങ്ങളും, സുരക്ഷാ ക്രമീകരണങ്ങളും നിര്‍വ്വഹിച്ചു.
- Log in to post comments