കോവിഡ്: ആത്മവിശ്വാസത്തോടെ നേരിടാം, വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്
ജില്ലയില്‍ രണ്ടു കോവിഡ് കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണത്തിലാണെന്നു ജില്ലയുടെ ചുമതലയുള്ള വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. ജനങ്ങള്‍ ഒരുതരത്തിലുമുള്ള വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുത്. സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അക്ഷരംപ്രതി പാലിച്ചുകൊണ്ട് ലോക്ഡൗണ്‍ കാലാവധി തീരുന്നതുവരെ വീടുകള്‍ക്കുള്ളില്‍ സുരക്ഷിതരായി കഴിയണം. എങ്കില്‍ മാത്രമേ നമുക്ക് ആത്മവിശ്വാസത്തോടെ ഈ മഹാമാരിയെ തുരത്താനാകൂ. ഇന്നലെ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പു പ്രതിനിധികളുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.
തമിഴ്നാടിനോടു ചേര്‍ന്ന ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ പരിശോധന കര്‍ശനമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളില്‍ മന്ത്രി കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളില്‍ കേരളത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ നീക്കവും തമിഴ്നാട്ടിലേക്കുള്ള നീക്കവും ഒരുകാരണവശാലും തടസപ്പെടാന്‍ പാടില്ല. ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ ലഭിക്കുന്നതിന് ഇത് അത്യാന്താപേക്ഷിതമാണ്. എന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടമുള്ള ജനങ്ങളുടെ അനാവശ്യ സഞ്ചാരം അനുവദിക്കില്ല. പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്ര തടയും. ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നതിന്റെ ഉദാഹരണമാണ് തേനിയിലുണ്ടായ കാട്ടുതീ ദുരന്തമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ വനംവകുപ്പിനും പോലീസിനും മന്ത്രി നിര്‍ദേശം നല്‍കി.
- Log in to post comments