Skip to main content
വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ സമൂഹ പാചകമുറിയില്‍ ഭക്ഷണം തയ്യാറാക്കുന്നു.

സമൂഹ പാചകമുറി തുറന്ന് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത്

കോവിഡ് - 19 പ്രതിരോധ ഭാഗമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടിണി കിടക്കുന്നവരുണ്ടാകില്ല. ഇതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമൂഹ പാചകമുറി പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ ദിനത്തില്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്ന ആളുകള്‍ക്കാണ് കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഊണ് എത്തിച്ചത്. 97 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് കിച്ചണ്‍ ക്രമീകരിച്ചത്.  ഇവിടെ ഭക്ഷണമുണ്ടാക്കുന്നത് അറിഞ്ഞെത്തിയ 40 പേര്‍ക്കു കൂടി ഇവിടെ നിന്നും ഉച്ചഭക്ഷണം നല്കി.
പഞ്ചായത്തധികൃതരുടെ മേല്‍നോട്ടത്തിന്‍ കുടുംബശ്രീ ജെഎല്‍ജി അംഗങ്ങളാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഓരോ വാര്‍ഡും തിരിച്ച് ഭക്ഷണ പൊതി വീടുകളിലെത്തിച്ചത് ഇരുചക്രവാഹനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരാണ്. കോവിഡ്- 19 രോഗ പ്രതിരോധ, മുന്‍കരുതല്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സമൂഹ പാചകമുറിയുടെയും വിതരണത്തിന്റെയും പ്രവര്‍ത്തനമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് പറഞ്ഞു. വരും ദിവസങ്ങളില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ സാഹചര്യമില്ലാത്ത ഭിക്ഷാടകര്‍, കിടപ്പു രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഭക്ഷണം എത്തിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനത്തിനും സമൂഹ പാചകമുറി പ്രവര്‍ത്തനം സുഗമമാക്കുന്നതിനുമായി   125 സന്നദ്ധ പ്രവര്‍ത്തകര്‍  സജ്ജരായിട്ടുണ്ട്.
നിര്‍ദ്ധനരായവര്‍ക്കും സഹായമാവശ്യമുള്ളവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ , പോലീസ്, വിവിധ രഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ എല്ലാവിധ സഹകരണവും നല്കി വരുന്നു.

 

date