തൊടുപുഴയിലെ കൊറോണ വാര്‍ഡിലേക്ക് സഹായഹസ്തം
ഇടുക്കിയില്‍ കോവിഡ് 19 ബാധിതരായവരെ ചികിത്സിക്കാന്‍ തൊടുപുഴ ജില്ലാ ആശുപത്രിയിയില്‍ തയ്യാറാക്കിയ കൊറോണ വാര്‍ഡിലേക്ക് വിവിധ സന്നദ്ധ സംഘടനകളുടേയും അഭ്യുദയകാംക്ഷികളുടേയും സഹായഹസ്തം. ജില്ലാ ആശുപത്രിയുടെ പണി പൂര്‍ത്തീകരിച്ച പുതിയ ബ്ലോക്കാണ് സര്‍ക്കാരിന്റെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്ന്
മണിക്കൂറുകള്‍ക്കുള്ളില്‍ കൊറോണാ വാര്‍ഡാക്കി മാറ്റിയത്. അധികൃതരോടൊപ്പം നൂറോളം യുവജന സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെട്ടിടത്തിനുള്ളിലെ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് കഴുകി വൃത്തിയാക്കി വാര്‍ഡ് സജ്ജമാക്കുകയായിരുന്നു.
രോഗികളെ പാര്‍പ്പിക്കുന്നതിനും കിടത്തി ചികിത്സിക്കുന്നതിന് ആവശ്യമായ കിടക്ക ഉള്‍പ്പെടെയുള്ളവയും സംഭാവനയായി എത്തിക്കാന്‍ ഉദ്യോഗസ്ഥരോടൊപ്പം വിവിധ സംഘടനകളും രംഗത്തെത്തി.
തൊടുപുഴ മാര്‍വല്‍ മാട്രസ്സ്, തൊടുപുഴ ലയണ്‍സ് ക്ലബ്, ലയന്‍സ് ക്ലബ് മെട്രോ, കേരളാ സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ 30 കിടക്കകളും തലയിണകളും ഇതിനോടകം ആശുപത്രിയിലെത്തിച്ചു. ഇതു കൂടാതെ രോഗികള്‍ക്കായുള്ള 10 മേശകള്‍ ന്യൂമാന്‍ കോളേജിന്റെ നേതൃത്വത്തില്‍ സംഭാവനയായി കഴിഞ്ഞ ദിവസം കൊറോണ വാര്‍ഡിലേക്ക് കൈമാറിയിരുന്നു.
- Log in to post comments