കൊറോണ വാര്‍ഡിന് പ്രത്യേക കലവറ; ദിവസം 60 പേര്‍ക്ക് ഭക്ഷണം
കൊറോണ വാര്‍ഡിനോടനുബന്ധിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രത്യേക കലവറ പ്രവര്‍ത്തനം തുടങ്ങി. ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, അവരെ പരിചരിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍, നഴ്സ്മാര്, ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 60 ഓളം പേര്‍ക്ക് ദിവസവും അഞ്ച് നേരം വീതമാണ് ഇപ്പോള്‍ ഇവിടെ നിന്നും ഭക്ഷണം തയ്യാറാക്കി നല്‍കുന്നത്. കൊറോണ വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന നഴ്സ്മാരുള്പ്പെടെയുള്ളവര് പൊതുജന സമ്പര്‍ക്കം ഒഴിവാക്കുന്നതിനായി ആശുപത്രിയില്‍ തന്നെ തയ്യാറാക്കിയ ഹാളിലാണ് താമസിക്കുന്നത്. ഇവര്‍ക്കും ഇവിടെ നിന്നാണ് ഭക്ഷണം.
കലവറയുടെ നടത്തിപ്പിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ സ്വരൂപിച്ചെത്തിക്കുക. സന്നദ്ധ സംഘടനകളും ഏതാനും വ്യാപാരികളും വ്യക്തികളും കലവറയിലേക്ക് പച്ചക്കറി ഉള്‍പ്പെടെയുള്ളവ എത്തിച്ചു നല്കി. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. തൊടുപുഴ പുളിമൂട്ടില്‍ പെട്രോള്‍ പമ്പിന്റെ നേതൃത്വത്തില്‍ കലവറയിലേക്കുള്ള ആദ്യ ദിവസത്തെ സഹായമെത്തിച്ച് അധികൃതര്‍ക്ക് കൈമാറി.
കൂടുതല്‍ രോഗികളെത്തിയാലും അവരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കൊറോണ വാര്‍ഡിലേക്കും കലവറയിലേക്കും വിവിധ സംഘടനകളുടെ വ്യക്തികളുടെയും സഹായം എത്തുന്നതായും അധികൃതര്‍ സൂചിപ്പിച്ചു.
- Log in to post comments