Skip to main content

കോവിഡ് 19: അടുക്കളത്തോട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

കോവിഡ് 19 വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടുക്കളത്തോട്ടം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കളക്ടറേറ്റിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ ഭൂരിപക്ഷം പേരും വീട്ടിൽ തുടരുന്നതിലൂടെ ലഭിക്കുന്ന സമയം കൃഷി ചെയ്യാൻ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കമ്പോളത്തിലെ പച്ചക്കറി ക്ഷാമം നേരിടാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.
പദ്ധതി നടപ്പിലാക്കുന്നതിന് കേരള കാർഷിക സർവകലാശാല വിവിധ പച്ചക്കറികളുടെ വിത്ത് കിറ്റുകൾ തയ്യാറാക്കി നൽകി. ഒരു വീട്ടിലേക്ക് ആവശ്യമായ വെണ്ട, വഴുതന, മുളക്, ചീര, കുമ്പളം, മത്തൻ, വെള്ളരി എന്നീ പച്ചക്കറികളുടെ 10000 വിത്ത് കിറ്റുകൾ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തയ്യാറാക്കി വിതരണം ചെയ്യാനായി നൽകി.
ഈ വിത്തുകൾ വിവിധ പഞ്ചായത്തുകളിലേക്ക് നൽകും. ലോക്ക് ഡൌൺ അവസാനിക്കുമ്പോഴേക്കും വിളവെടുക്കാൻ കഴിയുന്ന വിധത്തിലാണ് പച്ചക്കറികളുടെ 10000തൈകളും കേരള കാർഷിക സർവകലാശാല വിതരണം ചെയ്യുന്നത്.
സാമൂഹികമായ അകലവും മറ്റു പ്രതിരോധമാർഗങ്ങളും അവലംബിച്ചുകൊണ്ട് മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിലെ ഭക്ഷ്യ സുരക്ഷാ സേന അംഗങ്ങൾ ഉൾപ്പെടെയുളള ജീവനക്കാരാണ് ഈ ഉദ്യമത്തിനുള്ള കിറ്റുകൾ തയ്യാറാക്കുന്നത്. മണ്ണുത്തി -വെള്ളാനിക്കര ക്യാമ്പസുകളിൽ വിവിധ കേന്ദ്രങ്ങളിൽ ഉൽപാദിപ്പിച്ച വിത്തുകളാണ് കിറ്റുകൾ തയ്യാറാക്കാൻ ഉപയോഗിച്ചത്. ഏകദേശം 15 രൂപ വിലവരുന്ന പച്ചക്കറി വിത്തുകളും 10 രൂപ വില വരുന്ന തൈകളുമാണ് ഒരു കിറ്റിൽ ഉള്ളത്.
കൃഷി വകുപ്പ് മന്ത്രി ജില്ലാ കളക്ടർ എസ് ഷാനവാസിനാണ് തൈകളും പച്ചക്കറികളും കൈമാറിയത്. അതോടൊപ്പം തന്നെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഈ വിത്തുകൾ കളക്റ്റർ കൈമാറി. തൃശ്ശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൃഷിവകുപ്പ് മുഖേന ഈ വിത്ത് കിറ്റുകൾ വിതരണം ചെയ്യും.
ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ കെ രാജൻ, കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് റിസൾട്ട് ഡോക്ടർ പി ഇന്ദിരാദേവി, അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ മണ്ണുത്തി വിഭാഗം ഹെഡ് ഡോക്ടർ എ ലത, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാധാകൃഷ്ണൻ, തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ രവീന്ദ്രൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date