Skip to main content

ഓൺലൈൻ പാസിനായുള്ള അപേക്ഷയ്ക്കു വൻ തിരക്ക്

* അത്യാവശ്യഘട്ടങ്ങളിൽ  മാത്രം പാസിന് അപേക്ഷ നൽകണമെന്നു പോലീസ്
കോവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ  പൊതുജനങ്ങൾക്ക് അത്യാവശ്യ സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിൾ പാസ്  എന്നിവ ലഭിക്കുന്നതിനുള്ള  ഓൺലൈൻ സംവിധാനത്തിൽ അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 82630 പേരാണ് ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ ആദ്യ ദിനത്തിൽ അപേക്ഷിച്ചത്. അതിൽ 74084 പേർ സത്യവാങ്മൂലത്തിനും 8546 പേർ എമർജൻസി പാസിനുമാണ് അപേക്ഷ നൽകിയത്. അപേക്ഷയുടെ പ്രധാന്യം അനുസരിച്ച് 12020 പാസുകൾ വിതരണം ചെയ്യുകയും 34256 അപേക്ഷകൾ നിരസിക്കുകയും ചെയ്തു. ശേഷിക്കുന്ന 36354 അപേക്ഷകൾ പരിശോധിച്ചു വരികയാണ്.
കൊവിഡ് 19 നെ തുടർന്നു രാജ്യവ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് പോകുന്നവർക്കു പൊലീസ് ഓൺലൈൻ വഴി പാസുകൾ വിതരണം ചെയ്യുന്നത്. അത്യാവശ്യ കാര്യമൊഴിച്ച് അപേക്ഷ നൽകുന്നവരെ പരിഗണിക്കാനാകില്ലെന്നും അതിനാൽ വളരെ പ്രധാന്യമുള്ള കാര്യങ്ങൾക്കു മാത്രം അപേക്ഷിക്കുന്നതാണ് ഉചിതമെന്നും സൈബർഡോമിന്റെ നോഡൽ ഓഫിസറും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം അറിയിച്ചു.
പി.എൻ.എക്സ്.1273/2020

 

date