Skip to main content

അടൂരിലും പന്തളത്തും അതിഥി തൊഴിലാളികള്‍ക്കായി  പ്രത്യേക ക്യാമ്പ് ഒരുക്കും: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ 

അടൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തിട്ടുള്ള അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കു ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. അടൂര്‍ ആര്‍.ഡി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍.എ. 

അടൂര്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തിട്ടുള്ള മുഴുവന്‍ അതിഥി തൊഴിലാളികളുടേയും ലിസ്റ്റ് ശേഖരിക്കാനും ക്യാമ്പുകള്‍ കൃത്യമായി കണ്ടെത്തി രേഖപ്പെടുത്താനും അതത് സ്ഥലങ്ങളിലെ വില്ലേജ് ഓഫീസര്‍മാരേയും ലേബര്‍ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തി. അടൂരിലും പന്തളത്തും അതിഥി തൊഴിലാളികള്‍ക്കു ക്യാമ്പുകളില്‍ ഭക്ഷണം തയാറാക്കി നല്‍കുന്നതിനും തീരുമാനമായി.

ക്യാമ്പുകളുടെ ചുമതല അതത് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ആയിരിക്കും. പോലീസ്, തദ്ദേശവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവരും നേതൃത്വം വഹിക്കും. തഹസീല്‍ദാര്‍, ഡിവൈ. എസ്.പി എന്നിവരുടെ പ്രത്യേക നിരീക്ഷണവും ഉണ്ടാകും.

വിവിധ ക്യാമ്പുകളില്‍ താമസിപ്പിച്ചിരിക്കുന്നവരുടെ ആരോഗ്യ പരിരക്ഷയ്ക്കായി ആയൂഷിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തുവാനും തീരുമാനമായി.

ആര്‍.ഡി.ഒ: പി.ടി എബ്രഹാം, പന്തളം നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍.ജയന്‍, എല്‍. ആര്‍.തഹസീല്‍ദാര്‍ നവീന്‍ ബാബു, ഡിവൈ.എസ്.പി, വില്ലേജ് ഓഫീസര്‍മാര്‍, അസി:ലേബര്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍ന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

date