അതിഥി തൊഴിലാളികകള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കണം; മന്ത്രി വി.എസ്. സുനില്‍കുമാര്‍
കാക്കനാട്: ക്യാമ്പുകളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ദിവസേന മൂന്നു നേരം ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ജില്ല ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അതിഥി തൊഴിലാളികളുടെ ആഹാരം പാകം ചെയ്യുന്ന കമ്മ്യൂണിറ്റി കിച്ചനുകളില്‍ കേരള, നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും അവരുടെ അഭിപ്രായങ്ങള്‍ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മോശമായ കെട്ടിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ ഒരുക്കാനും അവരെ മാറ്റി താമസിപ്പിക്കാനും മന്ത്രി ജില്ല ലേബര്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാംപുകളില്‍ സൗകര്യമൊരുക്കാത്തവര്‍ക്കെതിരെ നിയമ നടപടി എടുക്കാന്‍ കളക്ടര്‍ എസ്. സുഹാസ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ക്യാംപുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ലഹരി വിമുക്ത കേന്ദ്രങ്ങള്ില്‍ നിന്നുള്ള വോളന്റിയര്‍മാരുടെ സേവനം ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 36 പേര്‍ക്ക് സെല്‍ഫ് ഐസോലേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുമ്പ് നിലനിന്നിരുന്ന പ്രോട്ടോക്കോള്‍ അനുസരിച്ച് വിമാനത്താവളങ്ങളില്‍ പരിശോധനക്കായി പോയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സെല്‍ഫ് ഐസോലേഷന്‍ നിര്‍ദേശിച്ചിരുന്നില്ല. മാര്‍ച്ച് 21ന് ശേഷം വിദേശത്തു നിന്നെത്തിയ കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് രണ്ടാഴ്ചത്തെ അവധി ആരോഗ്യ വകുപ്പ് നല്‍കുകയും സെല്‍ഫ് ഐസോലേഷനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെറിയ രോഗ ലക്ഷണങ്ങള്‍ ഉള്ള ആരോഗ്യ വകുപ്പ ഉദ്യോഗസ്ഥരുടെയും പരിശോധന നടത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ക്രമവും ഇതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഒരു ബാച്ചിലുള്ളവര്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ജോലി ചെയ്ത ശേഷം അവര്‍ക്ക് രണ്ടാഴ്ച്ച സെല്‍ഫ് ഐസോലേഷന് വേണ്ടി അവധി നല്‍കും. ഒരാള്‍ക്ക് തുടര്‍ച്ചയായി നാലു മണിക്കൂര്‍ ആണ് ഡ്യൂട്ടി നല്‍കുന്നത്.
പുതിയ നിയമമനുസരിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആളുകളോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. നിസാമുദ്ദീനില്‍ നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്ത ജില്ലയില്‍ നിന്നുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ജില്ലയില്‍ നിന്ന് രണ്ടു പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരഭിക്കുന്ന സാഹചര്യത്തില്‍ തിരക്കൊഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണന കാര്‍ഡുടമകള്‍ക്ക് ഉച്ചക്കു മുമ്പും മറ്റുള്ളവര്‍ക്ക് ഉച്ചക്ക് ശേഷവുമായിരിക്കും റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. വിലക്കയറ്റത്തിനെതിരെ സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
- Log in to post comments